ഉപഭോക്തൃകമ്മിഷൻ: കേരളത്തിനടക്കം സുപ്രീംകോടതിയുടെ അന്ത്യശാസനം

Thursday 11 November 2021 5:06 AM IST

ന്യൂഡൽഹി: ഉപഭോക്തൃ കമ്മിഷനുകളിലെ ഒഴിവുകൾ സംബന്ധിച്ച റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിച്ചില്ലെങ്കിൽ

കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് രണ്ടുലക്ഷം രൂപാ വരെ പിഴ ചുമത്തുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എട്ടാഴ്ചയ്ക്കുള്ളിൽ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും ഉപഭോക്തൃ കമ്മിഷനുകളിലെ ഒഴിവുകൾ നികത്താൻ ആഗസ്റ്റ് 11ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കേസ് പരിഗണിച്ച ഒക്ടോബർ 22നും സ്ഥിതിയിൽ മാറ്റമുണ്ടായില്ലെന്ന് കണ്ടതോടെ ബെഞ്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകളെ വിമർശിച്ചിരുന്നു. തുടർന്ന് ഇന്നലെവരെ സമയം കൊടുത്തു. എന്നിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് ജസ്റ്റിസുമാരായ എസ്.കെ. കൗൾ, എം.എം. സുന്ദരേശ് എന്നിവരുൾപ്പെട്ട ബെഞ്ച് പിഴ ചുമത്തുമെന്ന് വ്യക്തമാക്കിയത്. കേസിലെ അമിക്കസ് ക്യൂറി ഗോപാൽ ശങ്കരനാരായണന്റെ റിപ്പോർട്ട് പ്രകാരം കേരളവും ഗോവയും ഗുജറാത്തും അടക്കം പതിനഞ്ചോളം സംസ്ഥാനങ്ങളാണ് റിപ്പോർട്ട് സമർപ്പിക്കാനുള്ളത്.

''പിഴയുടെ ഭാഷ മാത്രമേ നിങ്ങൾക്ക് മനസിലാകൂ എന്നുണ്ടെങ്കിൽ അതിനും ഞങ്ങൾ തയാറാണ്. പിഴ ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കും. എവിടെയാണ് ചീഫ് സെക്രട്ടറിമാർ. ഇനി ഇവരെ ശരിയാക്കാൻ വാറണ്ട് പുറപ്പെടുവിക്കണോ? എന്ന് ജസ്റ്റിസ് കൗൾ ചോദിച്ചു.

Advertisement
Advertisement