ആരോഗ്യ പ്രവർത്തകരിൽ കൊവിഡ് പടരുന്നു

Thursday 11 November 2021 12:14 AM IST

പത്തനംതിട്ട : ജില്ലയിൽ ദിവസവും പത്തിലധികം ആരോഗ്യ പ്രവർത്തകരിൽ കൊവിഡ് പകരുന്നതായി റിപ്പോർട്ട്. മണ്ഡലകാലം ആരംഭിക്കാനിരിക്കെ ആരോഗ്യ പ്രവർത്തകരിലെ കൊവിഡ് ആശങ്കയുളവാക്കുന്നുണ്ട്.

കൊവിഡ് ബ്രിഗേഡിയർമാരെ പിരിച്ചുവിട്ടതോടെ ജില്ലയിലെ ആരോഗ്യകേന്ദ്രങ്ങളിൽ ജീവനക്കാർ കുറവാണ്. ആശുപത്രി ജീവനക്കാരെ ഉപയോഗിച്ചാണ് കൊവിഡ് കേസുകളും വാക്സിൻ വിതരണവും തുടരുന്നത്. ശബരിമല സീസണിലെ അധികജോലിയും ഇവർ തന്നെ ചെയ്യേണ്ടി വരും. ഇതിനായി പ്രത്യേക ടീമിനെ നിയമിക്കുമെങ്കിലും ജില്ലയുടെ ആവശ്യങ്ങൾക്ക് അത് മതിയാകില്ല. കൊവിഡ് സ്ഥിരീകരിച്ച് ഏഴ് ദിവസത്തിന് ശേഷം ജോലിയ്ക്ക് കയറണമെന്നതിനാൽ ആരോഗ്യസ്ഥിതി പോലും കണക്കിലെടുക്കാതെയാണ് ആരോഗ്യ പ്രവർത്തകർ ജോലിക്ക് എത്തുന്നത്.

കാര്യമായ കുറവില്ലാതെ കൊവിഡ്

ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവില്ല. അഞ്ഞൂറിനോട് അടുത്താണ് ദിവസേനയുള്ള കൊവിഡ് കണക്കുകൾ. പ്രധാന ആശുപത്രികളിൽ മാത്രമാണ് കൊവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യുന്നത്. ജീവനക്കാരുടെ കുറവ് കൊവിഡ് സെന്ററുകളുടെ പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്.

ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവർ :348

രോഗമുക്തരായവർ : 433

ചികിത്സയിൽ കഴിയുന്നവർ : 3715

രണ്ടു മരണം

1) റാന്നി പഴവങ്ങാടി സ്വദേശി (51).
2) കവിയൂർ സ്വദേശി (63).

Advertisement
Advertisement