തുമ്പമൺ താഴം മണ്ണാക്കടവ് പാലം, ഉന്നത ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചു

Thursday 11 November 2021 12:15 AM IST

പന്തളം : ഇറിഗേഷൻ ഡിസൈൻ ആൻഡ് റിസർച്ച് ബോർഡ് (ഐ.ഡി.ആർ.ബി) ഉന്നത ഉദ്യോഗസ്ഥർ തുമ്പമൺ താഴം മണ്ണാക്കടവിൽ സ്ഥല പരിശോധന നടത്തി. മന്ത്രി വീണാ ജോർജിന്റെ നിർദ്ദേശ പ്രകാരം പാലം പണിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വേഗത്തിലാക്കുന്നതിനായാണ് ഐ.ഡി.ആർ.ബി ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്.

അച്ചൻകോവിലറിന് കുറുകെ നിർമ്മിക്കുന്ന മണ്ണാക്കടവ് പാലത്തിന്റെ ഇൻവെസ്റ്റിഗേഷന്റെ ഭാഗമായി ഐ.ഡി.ആർ.ബി ജോയിന്റ് ഡയറക്ടർ സുബലക്ഷ്മി , ഡെപ്യൂട്ടി ഡയറക്ടർ നിധി എന്നിവരുടെ നേതൃത്വത്തിൽ പദ്ധതി പ്രദേശത്ത് വിശദമായ പരിശോധന നടത്തി. അഞ്ച് തൂണുകളിലായി 80 മീറ്റർ നീളത്തിലും 4.80 മീറ്റർ വീതിയുമുള്ള ആംബുലൻസ് ബ്രിഡ്ജ് ആണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇറിഗേഷൻ വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. കുളനട, തുമ്പമൺ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണ് മണ്ണാകടവിൽ നിർമ്മിക്കുന്നത്. പ്രദേശവാസികളുടെ ചിരകാല അഭിലാഷമായിരുന്നു ഇവിടെ ഒരു പാലം എന്നത്. സ്ഥല നിവാസികളും സ്‌കൂൾ വിദ്യാർത്ഥികളും ഉൾപ്പടെ നിരവധി പേർ യാത്ര ചെയ്യുന്നതിന് കടത്തു വള്ളമായിരുന്നു ആശ്രയം. വള്ളം ഇല്ലാത്ത സാഹചര്യങ്ങളിൽ പ്രദേശവാസികൾ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടായിരുന്നു. മന്ത്രി വീണാജോർജ് ഇടപെട്ട് മണ്ണാകടവിൽ പുതിയ പാലത്തിനായി 3 കോടി രൂപ അനുവദിക്കുകയായിരുന്നു. 2018 മുതൽ തുടർച്ചയായി വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിക്കുന്ന പ്രദേശത്തെ ജനങ്ങൾക്ക് ഭാവിയിൽ ഗുണപ്രദമാകുന്ന തരത്തിലാണ് പുതിയ പാലത്തിന്റെ നിർമ്മാണം.

മേജർ ഇറിഗേഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ ജയകൃഷ്ണൻ, അസിസ്റ്റന്റ് എൻജിനിയർ മായാദേവി, പന്തളം ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമിതി അദ്ധ്യക്ഷൻ പോൾ രാജൻ, വാർഡ് അംഗം വി.ബി സുജിത്, മുൻ ഗ്രാമ പഞ്ചായത്ത് അംഗം ശ്രീലത മോഹൻ എന്നിവരും സംഘത്തിനാെപ്പമുണ്ടായിരുന്നു.

ആംബുലൻസ് ബ്രിഡ്ജ്

നിർമ്മിക്കുന്നത്

3 കോടി ചെലവിട്ട്

80 മീറ്റർ നീളം

4.80 മീറ്റർ വീതി