40 ദിവസം, പെയ്ത മഴ 117.6സെ.മീറ്റർ, ചരിത്രമഴ

Thursday 11 November 2021 12:24 AM IST

പ്രമാടം : ന്യൂനമർദ്ദത്തിന്റെ ഫലമായി ജില്ലയിൽ കഴിഞ്ഞ 40 ദിവസങ്ങൾക്കുള്ളിൽ പെയ്തൊഴിഞ്ഞത് 117.6 സെന്റീ മീറ്റർ മഴ. സാധാരണ വേനൽ മഴയും തുലാമഴയും കൂടി കണക്കിലെടുത്താൽ ഈ സമയം 40 സെന്റീമീറ്ററിൽ താഴെ മഴ മാത്രമാണ് ലഭിക്കാറുള്ളത്. ജില്ലയുടെ കാലാവസ്ഥാ ചരിത്രത്തിൽ ഇത് അപൂർവമാണെന്നും പുതുചരിത്രത്തിലേക്കാണ് മഴക്കണക്കുകൾ പോകുന്നതെന്നും കാലാവസ്ഥാ നിരീക്ഷകർ അവകാശപ്പെടുന്നു.

കോന്നിയിലും സീതത്തോട്ടിലും അയിരൂരിലും സ്ഥാപിച്ചിരിക്കുന്ന ഔദ്യോഗിക മഴമാപിനികളിൽ നിന്നുള്ള കണക്കുകൾ മാത്രമാണിത്. ഈ മൂന്ന് സ്ഥലങ്ങളിൽ നിന്ന് മാത്രമാണ് ജില്ലയിൽ കാലാവസ്ഥാ വകുപ്പ് മഴയുടെ അളവ് രേഖപ്പെടുത്തുന്നത്. അനൗദ്യോഗിക കണക്കുകൾ കൂടി രേഖപ്പെടുത്തിയാൽ മഴയുടെ അളവ് വീണ്ടും ഉയരും.

കോന്നിയിലെയും സീതത്തോട്ടിലെയും മഴ മാപിനികളിൽ മിക്ക ദിവസങ്ങളിലും ശരാശരി 15 സെന്റീമീറ്ററും അയിരൂരിൽ 11 സെന്റീമീറ്ററും മഴ രേഖപ്പെടുത്താറുണ്ട്. ജില്ലയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ ശരാശരി ഒരു ദിവസം നാല് സെന്റീമീറ്ററിൽ അധികം മഴ ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. കേരളത്തിലെ വാർഷിക മഴ ശരാശരി 300 സെന്റീമീറ്ററാണ്.

തിരുവല്ലയിൽ ജല അതോറിറ്റിയും അരുവാപ്പുലത്ത് വനംവകുപ്പും അളവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും കാലാവസ്ഥാ വകുപ്പിന് ലഭിക്കാറില്ല. പമ്പയിൽ ഡാം പ്രദേശത്ത് കെ.എസ്.ഇ.ബി അളവ് എടുക്കുന്നുണ്ടെങ്കിലും വൈദ്യുതി ഉല്പാദന ഡേറ്റയ്ക്ക് മാത്രമാണ് വിനിയോഗിക്കുന്നത്. അടൂർ, റാന്നി, കോഴഞ്ചേരി, മല്ലപ്പള്ളി തുടങ്ങിയ താലൂക്കുകളിലെ മഴ കണക്കുകൾ കൂടി എടുത്താൽ 50 ശതമാനം കൂടി കൂടുതലാകാൻ സാദ്ധ്യതയുണ്ടെന്നാണ് നിഗമനം.

വേനൽ മഴയിലും ഒന്നാമത്

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വേനൽമഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. സംസ്ഥാന ശരാശരിയിലും കൂടുതൽ മഴയാണ് കോന്നിയിൽ മാസങ്ങൾക്ക് മുമ്പ് രേഖപ്പെടുത്തിയത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ജില്ലയിൽ ഇത്തവണ 97 ശതമാനം അധികം വേനൽ മഴ ലഭിച്ചപ്പോൾ കോന്നിയിലെ നൂ​റ്റാണ്ടുകൾ പഴക്കമുള്ള മഴപാനിയിൽ രേഖപ്പെടുത്തിയത് 120 ശതമാനം അധിക മഴയായിരുന്നു. മാർച്ച് ആദ്യവാരം മുതൽ മെയ് അവസാനവാരം വരെയുള്ള കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ കണക്കുകളിലാണ് പത്തനംതിട്ടയും കോന്നിയും ഒന്നാമത് എത്തിയത്.