കവുങ്ങുകൾക്ക് അജ്ഞാതരോഗം, വിളനാശത്തിൽ വിളറി കർഷകർ

Thursday 11 November 2021 12:30 AM IST
അജ്ഞാതരോഗം ബാധിച്ച കവുങ്ങ്

കുറ്റ്യാടി: മലയോര മേഖലയിൽ കവുങ്ങുകൾക്ക് പടരുന്ന അജ്ഞാത രോഗം കർഷകരിൽ ആശങ്ക ഉയർത്തുന്നു. കവുങ്ങിൻ പട്ടകൾക്ക് മഞ്ഞനിറം വ്യാപിക്കുകയും ക്രമേണ കരിയുകയുമാണ്. മരുതോങ്കര, കാവിലുംപാറ പ്രദേശങ്ങളിലെ കവുങ്ങുകളിലാണ് രോഗം വ്യാപകമായി കാണുന്നത്.

നാളികേരവും റബറും വില തകർച്ച നേരിടുമ്പോൾ മലയോര മേഖലയിലെ കർഷകർക്ക് വലിയൊരളവിൽ ആശ്വാസമായിരുന്നു കവുങ്ങുകളിൽ നിന്നുള്ള വരുമാനം. കൊട്ടടക്കയ്ക്ക് 460 രൂപ വരെ വില ലഭിക്കുന്നുണ്ട്. എന്നാൽ രോഗം പടർന്നതോടെ അടയ്ക്ക ഉൽപ്പാദനത്തിൽ ഗണ്യമായ കുറവാണ് വന്നത്. കവുങ്ങ് ഒന്നിൽ നിന്ന് 250 എണ്ണം അടക്ക ലഭിക്കുന്നിടത്ത് 50 പോലും കിട്ടാത്ത സ്ഥിതിയാണ്. രോഗബാധയെ തുടർന്ന് മലയോരത്തെ നൂറുകണക്കിന് കവുങ്ങുകളാണ് നശിച്ചുകൊണ്ടിരിക്കുന്നത്. വരൾച്ചയും രോഗവും കാരണം കവുങ്ങ് കൃഷി ഇല്ലാതാവുന്ന അവസ്ഥയാണ്. കാവിലുംപാറ കുണ്ടുതോടിലെ സോജൻ ആലക്കലിന്റെ 15ലധികം കവുങ്ങുകളാണ് നശിച്ചത്. കവുങ്ങിന്റെ ആരോഗ്യം ക്ഷയിപ്പിക്കുന്ന രോഗമാണിതെന്ന് കർഷകർ പറയുന്നു. വിദഗ്ദ്ധ സംഘം സ്ഥലം സന്ദർശിച്ച് പഠനം നടത്തണമെന്നാണ് കർഷകരുടെ ആവശ്യം. അതിനിടെ വേനൽ രോഗങ്ങളും മൂർച്ഛിച്ചിട്ടുണ്ട്. 250 രൂപ വരെയുണ്ടായിരുന്ന റബർ വില 170ലേക്ക് താഴ്ന്നു. കൂലിചെലവും മറ്റും നോക്കുമ്പോൾ നാളികേരത്തിനും വേണ്ടത്ര വില ലഭിക്കുന്നില്ല. കുരുമുളക് കൃഷിയിലും കാര്യമായ നേട്ടമില്ല. തെങ്ങ്, റബർ കൃഷികളും തകർച്ചയുടെ വക്കിലെത്തിനിൽക്കുമ്പോൾ കൃഷിയെ ആശ്രയിച്ച് കഴിയുന്നവരുടെ ജീവിതം വലിയ പ്രതിസന്ധിയിലാണ്.

"സാധാരണ കണ്ടുവരുന്ന മഞ്ഞളിപ്പ് രോഗവുമായി ഇതിന് സാമ്യമില്ല. ദിനംപ്രതി രോഗം വ്യാപിക്കുകയാണ്.

സോജൻ ആലക്കൽ, കവുങ്ങ് കർഷകൻ, കാവിലുംപാറ.

Advertisement
Advertisement