കെ-റെയിൽ പദ്ധതി സ്ഥലമെടുപ്പിന് ഉദ്യോഗസ്ഥരായി; ഒാഫീസ് ഉടൻ

Thursday 11 November 2021 12:35 AM IST
കെ - റെയിൽ

പാതയുടെ ദൈർഘ്യം

530.6

കിലോമീറ്റർ

ജില്ലയിലെ ദൈർഘ്യം

75

കിലോമീറ്റർ

 ആകെ സ്റ്റേഷൻ 11

കോഴിക്കോട്: സിൽവർ ലൈൻ എന്നറിയപ്പെടുന്ന നിർദ്ദിഷ്ട കെ - റെയിൽ പദ്ധതിയ്ക്ക് കോഴിക്കോട് ജില്ലയിലെ സ്ഥലമെടുപ്പിനായി തഹസിൽദാർ ഉൾപ്പെടെ ആറ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. കോഴിക്കോട് സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രോജക്ടിന്റെ സ്ഥലമെടുപ്പ് സ്പെഷൽ തഹസിൽദാർ ജെ.എസ് ഹരീഷിനാണ് അക്വിസിഷൻ ചുമതല. ഒരു ഡെപ്യൂട്ടി തഹസിൽദാർ, ഒരു വാല്വേഷൻ അസിസ്റ്റന്റ്, മൂന്ന് റവന്യു ഇൻസ്പെകടർമാർ എന്നിവരെയും നിയമിച്ചിട്ടുണ്ട്. സർവേയർമാരെയും ക്ളറിക്കൽ ജീവനക്കാരെയും കൂടി വൈകാതെ നിയമിക്കുന്നതോടെ ഒാഫീസ് പൂർണമായും പ്രവർത്തനക്ഷമമാകും.

തത്ക്കാലം കോഴിക്കോട് സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രോജക്ട് ഓഫീസിലായിരിക്കും പ്രവർത്തനം. പ്രത്യേകം ഓഫീസിന് മലാപ്പറമ്പിൽ വാട്ടർ അതോറിറ്റി ഒാഫീസിനടുത്ത് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അനുമതി ലഭിച്ചാൽ ഒരാഴ്ചയ്ക്കകം ഒാഫീസ് അവിടേക്ക് മാറ്റാനാവുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രിയ്ക്ക് പ്രത്യേക താത്പര്യമുള്ള പദ്ധതിയാണെന്നിരിക്കെ ഏറെ ജാഗ്രതയോടെയാണ് പ്രവർത്തനങ്ങൾ മുന്നോട്ടു നീക്കുന്നത്.

ജില്ലയിൽ അഴിയൂർ മുതൽ കടലുണ്ടി വരെ 75 കിലോമീറ്റർ ദൂരത്തിൽ പാതയ്ക്ക് സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ സർവേക്കല്ല് നാട്ടുന്ന ജോലി ഇതിനകം തുടങ്ങിക്കഴിഞ്ഞു. ഇവിടെയും ഏതാനും ദിവസത്തിനുള്ളിൽ പ്രാഥമിക ജോലികൾ ആരംഭിച്ച് മറ്റു ജില്ലകൾക്കൊപ്പം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്.

കാസർകോട് മുതൽ തിരുവനന്തപുരം വരെ സിൽവർ ലൈൻ പാതയുടെ ആകെ ദൈർഘ്യം 530.6 കിലോമീറ്ററാണ്. പതിനൊന്ന് സ്റ്റേഷനാണ് ഉണ്ടാവുക. ജില്ലയിൽ കോഴിക്കോട് മാത്രമാണ് സ്റ്റേഷൻ. പാത കടന്നു പോകുന്ന സ്ഥലങ്ങൾ സംബന്ധിച്ച വിവരങ്ങൾ സംസ്ഥാന സർക്കാർ തയ്യാറാക്കിയ വെബ്സൈറ്റിൽ (keralarail.com) കൊടുത്തിട്ടുണ്ട്.

Advertisement
Advertisement