പുഴുങ്ങിയ മുട്ടയ്ക്ക് നിറം മാറ്റം; വിഷബാധയിൽ നിന്ന് കുട്ടികളെ രക്ഷിച്ചത് ഭക്ഷ്യസുരക്ഷാ ഓഫീസർ
കോഴിക്കോട് : കോഴിമുട്ട തിന്ന് പന്തീരാങ്കാവ് പയ്യടിമീത്തൽ ഗവ.എൽ.പി സ്കൂളിലെ കുട്ടികൾ ഭക്ഷ്യവിഷബാധ ഏൽക്കാതെ രക്ഷപ്പെട്ടത് ഭക്ഷ്യസുരക്ഷാ ഓഫീസറുടെ സമയോചിത ഇടപെടലിൽ.
കഴിഞ്ഞദിവസം രാവിലെ കുട്ടികൾക്ക് നൽകാനായി പുഴുങ്ങി വച്ചിരുന്ന കോഴിമുട്ടയുടെ തോട് പൊളിച്ചപ്പോൾ ചില മുട്ടകളിൽ പിങ്ക് നിറം കണ്ടു. മുട്ടയുടെ വെള്ള അൽപം കലങ്ങിയതായും ശ്രദ്ധയിൽപെട്ടതോടെ അദ്ധ്യാപിക ഉച്ചഭക്ഷണ ഓഫീസറെയും ഭക്ഷ്യസുരക്ഷാ അസി.കമ്മിഷണറെയും വിവരമറിയിച്ചെങ്കിലും പിങ്ക് നിറത്തിലുള്ള മുട്ടകൾ മാറ്റി ബാക്കിയുള്ളവ വിദ്യാർത്ഥികൾക്ക് നൽകാനായിരുന്നു നിർദ്ദേശം. എന്നാൽ ഇതിനിടെ സ്കൂളിലെത്തിയ ഭക്ഷ്യസുരക്ഷാ ഓഫീസർ സ്യൂഡോമോണസ് എന്ന സൂക്ഷ്മാണുവിന്റെ സാന്നിധ്യം തിരിച്ചറിയുകയും മുട്ട നൽകുന്നത് വിലക്കുകയുമായിരുന്നു. തുടർന്ന് മുട്ടകളുടെ സാമ്പിൾ ലാബിൽ പരിശോധനയ്ക്കായി അയക്കുകയും ബാക്കിയുളളവ നശിപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. കുന്ദമംഗലം ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥനായ ഡോ.രഞ്ജിത് പി. ഗോപിയാണ് മാതൃകാപരമായ പ്രവർത്തനം കാഴ്ച വെച്ചത്.