അതിവേഗ റെയിൽ , ജില്ലയിൽ ഏറ്റെടുക്കുന്നത് 149.42 ഹെക്‌ടർ

Thursday 11 November 2021 12:04 AM IST



കൊല്ലം: തിരുവനന്തപുരം-കാസർകോട് അതിവേഗ റെയിൽ പദ്ധതിക്കായി ജില്ലയിലെ 15 വില്ലേജുകളിൽ നിന്ന് ഭൂമി 149.42 ഹെക്ടർ ഭൂമി ഏറ്റെടുക്കും. തിരുവനന്തപുരം ജില്ലയുടെ അതിർത്തിയായ പാരിപ്പള്ളി മുതൽ കുന്നത്തൂർ താലൂക്കിലെ പോരുവഴി വരെയാണ് ജില്ലയിലൂടെ അതിവേഗ റെയിൽപാത കടന്നു പോവുന്നത്.

അലൈമെന്റ്‌ പ്രകാരമുള്ള കല്ലിടൽ പാരിപ്പള്ളി വില്ലേജിൽ ആരംഭിച്ചു. കെ റെയിലിനാണ്‌ കല്ലിടൽ ചുമതല. കല്ലിടൽ പൂർത്തീകരിച്ചാൽ കളക്‌ടറുടെ നിർദ്ദേശപ്രകാരം കെ റെയിലും ഭൂമി ഏറ്റെടുക്കൽ ചുമതലയുള്ള സ്‌പെഷ്യൽ തഹസീൽദാറും സംയുക്‌ത പരിശോധന നടത്തും. മൂന്നു വർഷം കൊണ്ട് ഭൂമി ഏറ്റെടുക്കൽ പൂർത്തീകരിക്കും. 83.06 ഹെക്‌ടർ ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ നേരത്തെ ഉത്തരവിട്ടിരുന്നത്. ഈ ഭൂമിയുടെ സർവേയ്ക്ക് വിജ്ഞാപനം ചെയ്‌തിരുന്നു. പുതിയ ഉത്തരവ്‌ പ്രകാരം 66.36 ഹെക്ടർ ഭൂമിയാണ് അധികമായി ഏറ്റെടുക്കേണ്ടത്. ഇതിന്റെ സർവേയുടെ വിജ്ഞാപനം ഉടനിറക്കും.

പദ്ധതി നടപ്പാക്കുന്നതിന്‌ മുന്നോടിയായി സാമൂഹ്യാഘാത പഠനം നടത്തും. ഇതിനായി അംഗീകൃത ഏജൻസികളിൽ നിന്നു കരാർ ക്ഷണിച്ചു. നവംബർ 26 ആണ് ക്വട്ടേഷൻ നൽകാനുള്ള അവസാന തീയതി. 29ന്‌ ക്വട്ടേഷൻ തുറക്കും. സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തലാവും ഭൂമി, വൃക്ഷങ്ങൾ, കൃഷി, കെട്ടിടം, വ്യാപാര സ്ഥാപനങ്ങൾ എന്നിവയുടെ വില നിശ്ചയിക്കുക. ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ പാലത്തറയിലാവും സ്ഥാപിക്കുക.

........................

 ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ പാലത്തറയിൽ

...........................

ഭൂമി ഏറ്റെടുക്കുന്ന വില്ലേജുകൾ

 ആദിച്ചനല്ലൂർ  ചിറക്കര  ഇളമ്പളളൂർ  കല്ലുവാതുക്കൽ  പാരിപ്പളളി  കൊറ്റൻകര  മീനാട്  മുളവന  കഴുത്തല  തൃക്കോവിൽ  വടക്കേവിള  പവിത്രേശ്വരം  കുന്നത്തൂർ  ശാസ്താംകോട്ട  പോരുവഴി

................................

കെ റെയിൽ പദ്ധതിക്ക് കളക്‌ടറേറ്റിൽ ഓഫീസ്‌ തുറക്കാനുള്ള നടപടി ആരംഭിച്ചു. ഭൂമി ഏറ്റെടുക്കലിന് ജീവനക്കാരെയും നിയമിച്ചു. ഓഫീസിൽ ആവശ്യമായ സൗകര്യങ്ങൾ പൊതുമരാമത്ത് വകുപ്പ് ഒരുക്കും

റോയി കുമാർ, ഡെപ്യൂട്ടി കളക്‌ടർ (കെ റെയിൽ പദ്ധതി നോഡൽ ഓഫീസർ)

Advertisement
Advertisement