'ലൈഫ് ' ആർക്കൊക്കെ? പരിശോധനയ്ക്ക് തുടക്കം

Thursday 11 November 2021 12:14 AM IST

 ലൈഫ് ഗുണഭോക്താക്കളുടെ കരട് പട്ടിക ഡിസംബർ ഒന്നിന്

കൊല്ലം: ലൈഫ് പദ്ധതി പ്രകാരം വീടുകൾക്കായി അപേക്ഷിച്ചവരിൽ നിന്ന് അർഹരായവരെ തിരഞ്ഞെടുക്കാനുള്ള പരിശോധനയ്ക്ക് ജില്ലയിൽ തുടക്കമായി. 82,813 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. 30 വരെയാണ് പരിശോധന.

അർഹരായവരുടെ കരട് പട്ടിക മുൻഗണനാടിസ്ഥാനത്തിൽ ഡിസംബർ ഒന്നിന് പ്രസിദ്ധീകരിക്കും. ലിസ്റ്റിൽ ആക്ഷേപമുള്ളവർക്ക് ഡിസംബർ 15 വരെ ബി.ഡി.ഒയ്ക്ക് പരാതി സമർപ്പിക്കാം. 30നു മുൻപ് തീർപ്പുണ്ടാക്കും. വീണ്ടും പരാതിയുള്ളവർക്ക് ജനുവരി ഒന്നു മുതൽ 15 വരെ കളക്ടറെ സമീപിക്കാം. 30നു മുൻപായി കളക്ടർ പരാതികൾ തീർപ്പാക്കണം. 2022 ഫെബ്രുവരി 20നു അന്തിമ കരട് പട്ടിക പ്രസിദ്ധീകരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവയുടെ ലിസ്റ്റ് ഗ്രാമസഭാ യോഗത്തിലും തദ്ദേശ സ്ഥാപനങ്ങളുടെ കമ്മിറ്റികളിലും അവതരിപ്പിച്ച് പാസാകിയ ശേഷം ഫെബ്രുവരി 28നു ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കും. പടിഞ്ഞാറേ കല്ലട, അഞ്ചൽ, മുണ്ടയ്ക്കൽ എന്നിവടങ്ങളിൽ പാർപ്പിട സമുച്ചയം നിർമ്മിക്കുന്നതിന്റെ കരാർ നടപടികൾ പൂർത്തിയായി.

പഞ്ചായത്ത്‌ അസി. സെക്രട്ടറി, ഐ.സി.ഡി.എസ് സൂപ്പർവൈസർ, അഗ്രിക്കൾച്ചറൽ അസിസ്റ്റന്റ് എന്നിവരാണ് പരിശോധനാ സംഘത്തിലെ അംഗങ്ങൾ. വാർഡുകൾ കൂടുതലുള്ള പഞ്ചായത്തുകളിൽ പരിശോധനാ സമിയിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്തും.

ജില്ലയിലെ സ്ഥിതിവരം

 ഭൂമിയുള്ള ഭവനരഹിതർ: 53,559

 പഞ്ചായത്ത്‌ തലം: 49,828

 നഗരസഭ പരിധി: 3,731

 ഭൂമിയില്ലാത്ത ഭവനരഹിതർ: 29,254

 പഞ്ചായത്ത്‌ തലം: 20,758

 നഗരസഭ പരിധി: 8,496

 ഭൂമിയുള്ള ഭവനരഹിതർ കൂടുതൽ: ചിതറ (2101)

 ഭൂരഹിത ഭവനരഹിതർ കൂടുതൽ: തൃക്കോവിൽ വട്ടം (1047)

..............................

ഭവനരഹിതർ കോർപ്പറേഷനുകളിൽ

 കരുനാഗപ്പള്ളി: 866  കൊട്ടാരക്കര: 472  പരവൂർ: 932  പുനലൂർ: 1803  കൊല്ലം.8154

..........................

പുരോഗതി വിലയിരുത്തി

ലൈഫ് പദ്ധതിയുടെ മോണിറ്ററിംഗ് സമിതി യോഗം ചേർന്ന് പ്രവർത്തന പുരോഗതി വിലയിരുത്തി. ജില്ലാ പഞ്ചായത് പ്രസിഡന്റ്‌ സാം കെ.ഡാനിയേൽ ഉദ്ഘാടനം ചെയ്തു. മേയർ പ്രസന്ന ഏണസ്റ്റ് ആദ്ധ്യക്ഷത വഹിച്ചു. കളക്ടർ അഫ്സാന പർവീൺ, ദാരിദ്ര്യലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ ടി.കെ. സയൂജ, ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ശരത് ചന്ദ്രൻ, പഞ്ചായത്ത് അസോ. പ്രസിഡന്റ്‌ ജെ. ഷാഹിദ, സെക്രട്ടറി ഡോ. സി. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.

.............................

അർഹത പരിശോധന കൃത്യതയോടെ നടത്തണം. അനർഹർ ഒരു കാരണവശാലും കടന്നു കൂടാൻ പാടില്ല. അർഹർ ഒഴിവാക്കപ്പെടുകയും ചെയ്യരുത്. പരിശോധന സമയബന്ധിതമായി പൂർത്തിയാക്കണം

സാം കെ.ഡാനിയേൽ, പ്രസിഡന്റ്‌, ജില്ലാ പഞ്ചായത്ത്

Advertisement
Advertisement