പ്രവാസി നിക്ഷേപകർക്കായി ജിയോജിത്തിന്റെ പുതുസംരംഭം

Thursday 11 November 2021 2:58 AM IST

കൊച്ചി: പ്രവാസി ഇന്ത്യൻ നിക്ഷേപകർക്ക് ഓൺലൈനായി ട്രേഡിംഗ്, ഡിമാറ്റ് അക്കൗണ്ടുകൾ തുറക്കാവുന്ന സൗകര്യവുമായി പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത്. നോൺ റെസിഡന്റ് എക്‌സ്‌റ്റേണൽ (എൻ.ആർ.ഇ), നോൺ റെസിഡന്റ് ഓർഡിനറി (എൻ.ആർ.ഒ) അക്കൗണ്ടുള്ളവർക്ക് ലോകത്തെവിടെ നിന്നും സെൻട്രൽ ഡെപ്പോസിറ്ററി സർവീസസ് ലിമിറ്റഡ് (സി.ഡി.എസ്.എൽ) വഴി അക്കൗണ്ടുകൾ തുറക്കാവുന്ന സൗകര്യമാണ് ഇന്ത്യയിൽ ആദ്യമായി ജിയോജിത് അവതരിപ്പിച്ചത്.
ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറും പാൻകാർഡുമുള്ളവർക്ക് hello.geojit.com എന്ന പ്ലാറ്റ്ഫോമിലൂടെ ജിയോജിത്തിൽ അനായാസം ട്രേഡിംഗ്, ഡിമാറ്റ് അക്കൗണ്ടുകൾ തുറക്കാമെന്ന് ജിയോജിത് വൈസ് പ്രസിഡന്റും ചീഫ് ഡിജിറ്റൽ ഓഫീസറുമായ ജോൺസ് ജോർജ് പറഞ്ഞു. ജിയോജിത്തിന്റെ അനുബന്ധ സ്ഥാപനമായ ജിയോജിത് ടെക്നോളജീസാണ് പ്ലാറ്റ്ഫോം വികസിപ്പിച്ചത്. ഈ സേവനം നൽകുന്ന രാജ്യത്തെ പ്രഥമ നിക്ഷേപ സേവന സ്ഥാപനമാണ് ജിയോജിത്തെന്ന് ജിയോജിത് ടെക്നോളജീസ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ അനിൽകുമാർ പറഞ്ഞു. അമേരിക്കയിലും കാനഡയിലും നിലവിൽ സേവനം ലഭിക്കില്ല.

പ്രവാസികൾക്കൊപ്പം

ജിയോജിത് രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ പ്രവാസികൾക്ക് സേവനം നൽകുന്നു. 11 ലക്ഷത്തിലധികം ഇടപാടുകാരുണ്ട് ജിയോജിത്തിന്. 61,000 കോടിയിലധികം രൂപയുടെ ആസ്തിയും കൈകാര്യം ചെയ്യുന്നു. എൻ.ആർ.ഐ ഇടപാടുകാരുടേതായി 6,000 കോടി രൂപയുടെ ആസ്തിയാണ് കൈകാര്യം ചെയ്യുന്നത്.

യു.എ.ഇയിലെ ബർജീൽ ജിയോജിത് ഫിനാൻഷ്യൽ സർവീസസ്, കുവൈത്തിലെ ബി.ബി.കെ ജിയോജിത് സെക്യൂരിറ്റീസ്, ഒമാനിലെ ക്യു.ബി.ജി ജിയോജിത് സെക്യൂരിറ്റീസ് എന്നിവ ജിയോജിത്തിന്റെ എന്നിവ ഗൾഫ് മേഖലയിൽ ജിയോജിത്തിന്റെ സംയുക്ത സംരംഭങ്ങളാണ്. ബാങ്ക് ഒഫ് ബഹ്റിനുമായി സഹകരിച്ച് ബഹ്റിനിലും പ്രവർത്തിക്കുന്നു.

Advertisement
Advertisement