ലിവർപൂൾ ഇതിഹാസം സ്റ്റീവൻ ജെറാർഡ് പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്തുന്നു, ഇത്തവണ ആസ്റ്റൺ വിയ്യയുടെ പരിശീലകനായി

Thursday 11 November 2021 7:50 PM IST

ലണ്ടൻ: പ്രീമിയർ ലീഗ് ക്ലബ് ആസ്റ്റൺ വിയ്യ തങ്ങളുടെ പുതിയ പരിശീലകനായി മുൻ ലിവർപൂൾ താരവും ഇംഗ്ളണ്ട് മിഡ്ഫീൽഡറുമായിരുന്ന സ്റ്റീവൻ ജെറാർഡിനെ നിയമിച്ചു. പുറത്താക്കപ്പെട്ട പരിശീലകൻ ഡീൻ സ്മിത്തിന് പകരമായാണ് ലിവർപൂളിന്റെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ജെറാർഡിനെ ആസ്റ്രൺ വിയ്യ തങ്ങളുടെ പരിശീലകനായി നിയമിക്കുന്നത്.

സ്കോട്ടിഷ് പ്രീമിയർ ലീഗ് ക്ലബായ റേഞ്ചേഴ്സ് എഫ് സിയുടെ പരിശീലകനാണ് നിലവിൽ ജെറാർഡ്. ബെൽജിയം ദേശീയ ടീമിന്റെ പരിശീലകനായ റോബർട്ടോ മാൻസിനിയേയും ആസ്റ്റൺ വിയ്യ നോട്ടമിട്ടിരുന്നെങ്കിലും ഒടുവിൽ ജെറാർഡിനെ തന്നെ പരിശീലകനായി തീരുമാനിക്കുകയായിരുന്നു. വലിയ പാരമ്പര്യം സ്വന്തമായുള്ള ആസ്റ്റൺ വിയ്യ പോലൊരു ക്ളബിനെ പരിശീലിപ്പിക്കാൻ കിട്ടുന്ന അവസരം തന്നെ സംബന്ധിച്ച് വിലമതിക്കാനാകാത്തതാണെന്ന് ജെറാർഡ് അഭിപ്രായപ്പെട്ടു.

തുടർച്ചയായ തോൽവികളെ തുടർന്ന് കഴിഞ്ഞയാഴ്ചയാണ് ഡീൻ സ്മിത്തിനെ ആസ്റ്റൺ വിയ്യ പുറത്താക്കുന്നത്. നിലവിൽ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ 16ാം സ്ഥാനത്ത് നിൽക്കുന്ന ആസ്റ്റൺ വിയ്യ 11 മത്സരങ്ങളിൽ നിന്നായി വെറും പത്ത് പോയിന്റ് മാത്രമാണ് ഇതുവരെ നേടിയിട്ടുള്ളത്. മൂന്ന് മത്സരങ്ങളിൽ ജയിച്ച ആസ്റ്റൺ വിയ്യ ഏഴ് കളികളിൽ തോൽക്കുകയും ഒരെണ്ണം സമനിലയിൽ പിരിയുകയും ചെയ്തു.

Advertisement
Advertisement