മരംമുറിക്കൽ: മന്ത്രി റോഷിക്കെതിരെ അവകാശ ലംഘന നോട്ടീസ്

Friday 12 November 2021 12:00 AM IST

തിരുവനന്തപുരം: മുല്ലപ്പെരിയാർ മരംമുറിക്കൽ പ്രശ്നത്തിൽ മന്ത്റി റോഷി അഗസ്​റ്റിനെതിരെ പ്രതിപക്ഷം നിയമസഭയിൽ അവകാശ ലംഘന നോട്ടിസ് നൽകി. നിയമസഭാ സമ്മേളനം നടക്കുമ്പോൾ സഭയ്ക്ക് പുറത്ത് മാദ്ധ്യമങ്ങളോട് ജലവിഭവ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയുടെ ചേംബറിൽ യോഗം നടന്നില്ലെന്ന് തെ​റ്റായ പ്രസ്താവന നടത്തിയത് സഭയോടുള്ള അനാദരവും സഭാംഗമെന്ന നിലയിലുള്ള പെരുമാ​റ്റചട്ട ലംഘനവുമാണെന്നു ചൂണ്ടിക്കാട്ടി പി.സി. വിഷ്ണുനാഥാണ് നോട്ടിസ് നൽകിയത്.

ബേബിഡാമിന് സമീപത്തു നിന്ന് മരം മുറിക്കുന്നതിന് തമിഴ്നാടിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസ് പരിഗണിച്ചപ്പോൾ ജലവിഭവ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയുടെ ചേംബറിൽ ചേർന്ന യോഗത്തിന്റെ തീരുമാനപ്രകാരമാണ് ഉത്തരവ് ഇറക്കിയതെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിൽ പരാമർശമുണ്ടെന്ന് പ്രതിപക്ഷ നേതാവ് സഭയിൽ ഉന്നയിച്ചിരുന്നു. ഈ അവസരത്തിൽ യോഗം ചേർന്നിരുന്നുവെന്ന് വനംമന്ത്റി സമ്മതിക്കുകയും അതിന്റെ മിനി​റ്റ്സ് ഉദ്ധരിച്ചു സഭയിൽ മറുപടി നൽകുകയും ചെയ്തിരുന്നുവെന്നു നോട്ടിസിൽ പറയുന്നു. എന്നാൽ അഡിഷണൽ ചീഫ് സെക്രട്ടറിയുടെ ചേംബറിൽ യോഗം ചേർന്നില്ലെന്ന് മന്ത്റി റോഷി അഗസ്​റ്റിൻ മാദ്ധ്യമങ്ങളോട് പറയുന്ന സാഹചര്യമുണ്ടായി. മന്ത്രി മനഃപൂർവം ജനങ്ങളിൽ തെ​റ്റിദ്ധാരണ സൃഷ്ടിക്കുന്ന നടപടിയാണ് സ്വീകരിച്ചതെന്നും നോട്ടീസിൽ പറയുന്നു.

Advertisement
Advertisement