ഇന്ധന നികുതി : നികുതി കുറയ്ക്കണമെന്ന് പ്രതിപക്ഷം, കുറയ്ക്കേണ്ടത് കേന്ദ്രമാണെന്ന് ധനമന്ത്രി

Friday 12 November 2021 12:00 AM IST

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിലെപ്പോലെ ഇന്ധന നികുതി കുറച്ച് ജനങ്ങളെ സഹായിക്കാൻ തയ്യാറാവണമെന്ന് ആവശ്യപ്പെട്ട് നിയമസഭയുടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം, അതിശക്തമായി പ്രതിഷേധിച്ച ശേഷം സഭ ബഹിഷ്കരിച്ചു. അധികനികുതിയായി 5000കോടി കിട്ടിയിട്ടും നികുതി കുറയ്ക്കില്ലെന്ന പിടിവാശി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും നികുതി കുറയ്ക്കുംവരെ ശക്തമായ സമരവുമായി ജനങ്ങളിലേക്കിറങ്ങുമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. കേന്ദ്രം നികുതി കുറയ്ക്കണമെന്ന് പറയുന്നതിനു പകരം സംസ്ഥാനത്തിന് ഉള്ളതുകൂടി കുറയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ കുറ്റപ്പെടുത്തി. അടിയന്തരപ്രമേയ നോട്ടീസ് പരിഗണിച്ചപ്പോഴായിരുന്നു ഭരണ, പ്രതിപക്ഷ വാക്പോര്. സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ വേദിക്കു മുന്നിലെത്തി ബഹളം വച്ചു. ഏറെനേരത്തെ പ്രതിഷേധത്തിനൊടുവിലാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്.

130ശതമാനം വരെ സർച്ചാർജ് ഈടാക്കി സംസ്ഥാനങ്ങളുടെ സാമ്പത്തിക ഫെഡറലിസം തകർക്കുകയാണ് കേന്ദ്ര സർക്കാരെന്ന് ധനമന്ത്രി പറഞ്ഞു. മുപ്പത് രൂപ കൂട്ടിയിട്ട് അഞ്ച് രൂപ കുറച്ചശേഷം സംസ്ഥാനങ്ങളിൽ സമരം അഴിച്ചുവിടുന്ന ബി.ജെ.പിയുടെ കെണിയിൽ കോൺഗ്രസ് വീഴരുത്. സംസ്ഥാനത്തിന് ആകെയുള്ള വരുമാനമാർഗങ്ങളായ മദ്യം, പെട്രോൾ, ഡീസൽ എന്നിവയിൽകൂടി കേന്ദ്രം കൈയിട്ടുവാരുകയാണ്. 8000കോടിയിൽ താഴെയാണ് പെട്രോൾ, ഡീസൽ നികുതിവരുമാനം. കേന്ദ്രത്തിൽ നിന്നുകിട്ടേണ്ടതിൽ 6400കോടിയുടെ കുറവുണ്ടായി. വീണ്ടും നികുതി കുറച്ചാൽ ക്ഷേമആനുകൂല്യങ്ങൾ നൽകാനാവില്ല. കേന്ദ്രം നികുതികുറച്ചതിനു പിന്നാലെ പെട്രോളിന് 2.30, ഡീസലിന് 1.57രൂപാവീതം കുറച്ചത് അംഗീകരിക്കണമെന്നും ധനമന്ത്രി പറഞ്ഞു.

കേന്ദ്രത്തിന്റെ നികുതിഭീകരതയ്ക്ക് സംസ്ഥാനം കൂട്ടുനിൽക്കുകയാണെന്ന് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച കെ. ബാബു പറഞ്ഞു. ജനങ്ങളെ ഉലക്കകൊണ്ട് അടിച്ചുവീഴ്‌ത്തി, മുറംകൊണ്ട് വീശി ആശ്വസിപ്പിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. വണ്ടിയിടിച്ച് മരിച്ചയാളുടെ വിരലിലെ മോതിരം അടിച്ചുമാറ്റുകയാണ് സംസ്ഥാന സർക്കാരെന്നും കുറ്റപ്പെടുത്തി. കേന്ദ്രം നികുതി കുറച്ചപ്പോൾ സ്വാഭാവികമായുണ്ടാകുന്ന കുറവാണ് കേരളത്തിലുണ്ടായതെന്ന് വി.ഡി.സതീശൻ പറഞ്ഞു. ഇവിടെ നികുതി കുറച്ചെന്ന ധനമന്ത്രിയുടെ വാദം ശരിയല്ല.

'' പ്രതിപക്ഷം നിയമസഭയിലേക്ക് സൈക്കിളിലെത്തുകയല്ല, ഡൽഹിയിലേക്ക് കാളവണ്ടി മാർച്ച് നടത്തുകയാണ് വേണ്ടത്.

-കെ.എൻ. ബാലഗോപാൽ, ധനമന്ത്രി

''നികുതി കുറയ്ക്കാനാവില്ലെന്ന സർക്കാർ നിലപാട് ശരിയല്ല. പഞ്ചാബ്, രാജസ്ഥാൻ മാതൃകയിൽ ഇവിടെയും നികുതി കുറയ്ക്കണം.

- വി.ഡി. സതീശൻ, പ്രതിപക്ഷനേതാവ്

''ഇന്ധനവില്പനയിലൂടെ 'നോക്കുകൂലി' കീശയിലാക്കുകയാണ് സർക്കാർ.

- കെ. ബാബു, മുൻമന്ത്രി

Advertisement
Advertisement