കൊവിഡ് ചികിത്സയ്‌ക്ക് മോൾനുപിരാവിർ ഗുളിക

Friday 12 November 2021 12:08 AM IST

ന്യൂഡൽഹി: കൊവിഡ് ചികിത്സയ്ക്കുള്ള മോൾനുപിരാവിർ ഗുളികയുടെ ഇന്ത്യയിലെ അടിയന്തര ഉപയോഗത്തിന് ഉടൻ അനുമതി ലഭിച്ചേക്കും. കൊവിഡ് സ്ട്രാറ്റജി ഗ്രൂപ്പായ സി.എസ്.ഐ.ആർ ചെയർമാൻ ഡോ. രാം വിശ്വകർമ്മയെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം.

ലക്ഷണങ്ങളോടെ കൊവിഡ് രൂക്ഷമാകുന്നവർക്കോ ആശുപത്രി ചികിത്സ വേണ്ടുന്നവർക്കോ ആവും മോൾനുപിരാവിർ ഗുളിക നൽകുക. കൊവിഡ്, ലോകം മുഴുവൻ വ്യാപിക്കുന്ന മഹാമാരിയിൽ നിന്ന് പ്രാദേശികമായി വ്യാപിക്കുന്ന രോഗത്തിലേക്ക് ചുരുങ്ങുന്ന ഘട്ടത്തിൽ വാക്സിനേഷനേക്കാൾ പ്രാധാന്യം ഇത്തരം ഗുളികകൾക്കാണ്. അഞ്ച് കമ്പനികൾ മോൾനുപിരാവിർ ഉത്പാദകരുമായി ചർച്ച നടത്തിക്കഴിഞ്ഞു. ഏത് ദിവസം വേണമെങ്കിലും അനുമതി ലഭിച്ചേക്കാം. കൊവിഡ് വൈറസിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാണ് ഇത്. മോൾനുപിരാവിർ ഗുളികയ്ക്ക് തുടക്കത്തിൽ 2,000 രൂപ മുതൽ 4,000 രൂപ വരെയാവും ചെലവ്. പിന്നീട് അത് കുറയും. ഫൈസർ കമ്പനിയുടെ പാക്‌സ്ലോവിഡ് ഗുളികയ്ക്ക് അനുമതി ലഭിക്കുന്നത് അൽപം കൂടി സമയമെടുത്തേക്കും.

ഓറൽ മരുന്ന്

മോൾനുപിരാവിർ ഗുളിക മെർക്ക് യു.എസ്, റിഡ്ജ്ബാക്ക് ബയോതെറാപ്യൂട്ടിക്സ് എന്നീ കമ്പനികൾ ചേർന്നാണ് വികസിപ്പിച്ചത്. ഓറൽ ആന്റിവൈറൽ മരുന്നാണ് ഇത്. കൊവിഡ് ഗുരുതരമാവാൻ സാദ്ധ്യതയുള്ള പ്രായപൂർത്തിയായ രോഗികളിൽ ഈ ഗുളിക ഉപയോഗം വഴി ആശുപത്രി വാസവും മരണനിരക്കും പകുതിയായി കുറയ്ക്കാമെന്ന് നിർമ്മാതാക്കൾ പറയുന്നു. വാക്സിനേഷൻ കുറവുള്ള രാജ്യങ്ങളിൽ ഈ ഗുളിക മികച്ച ഫലം ചെയ്യും.

Advertisement
Advertisement