ലഹരിയിൽ നിന്ന് മോചനം നേടാം, ജീവിതം തുടങ്ങാം

Saturday 13 November 2021 12:59 AM IST

ഡോ. അരുൺ ബി. നായർ

(മനോരോഗവിദഗ്ദ്ധൻ മെഡി.കോളേജ് തിരുവനന്തപുരം)

തിരുവനന്തപുരം: ശരീരത്തിലേക്ക് കടന്നു ചെന്ന് തലച്ചോറിന്റെ പ്രവർത്തനങ്ങളിൽ മാറ്രമുണ്ടാക്കി ആ വസ്തുവിനോട് അടിമത്തം ജനിപ്പിക്കുന്ന പുകയില, മദ്യം, കഞ്ചാവ് എന്നിവയ്ക്കു പുറമേ എൽ.എസ്.ഡി, എം.ഡി.എം.എ തുടങ്ങിയ ചിത്തഭ്രമജന്യ ലഹരി വസ്തുക്കളും കൊക്കെയ്നും ഇന്ന് വ്യാപകമാണ്.

മോചനം എങ്ങനെ ?

ലഹരി ഉപയോഗിച്ചു തുടങ്ങിയെന്ന് മനസിലായാൽ ആളോട് വീട്ടുകാർ തുറന്ന് സംസാരിക്കണം. അയാളെ കുറ്റപ്പെടുത്താതെ എന്ത് പ്രശ്നമുണ്ടെങ്കിലും ഒപ്പം ഞങ്ങളുണ്ടെന്ന മാനസിക പിന്തുണനൽകണം. ഇത്തരം സന്ദർഭങ്ങളിൽ പലരും കുറ്രബോധത്തോടെ തുറന്ന് സംസാരിക്കും. പിൻമാറാൻ തയ്യാറാകും.

എന്നാൽ ലഹരിക്ക് അടിപ്പെട്ട ആളുകൾക്ക് ഇത്തരം സ്നേഹപൂർവമായ ഉപദേശം മാത്രം പോരാ, ഇവർക്ക് മനോരോഗവിദഗ്ദ്ധന്റെ സഹായത്തോടെയുള്ള ചികിത്സ ആവശ്യമാണ്. രണ്ട് ഘട്ടങ്ങളായാണ് ചികിത്സ. ആദ്യത്തേത് വിഷവിമോചന ചികിത്സ - ലഹരി ഉപയോഗിച്ചതു മൂലമുണ്ടാകുന്ന തകരാറുകളും പിൻവാങ്ങൽ ലക്ഷണങ്ങളും ചികിത്സിച്ച് ഭേദമാക്കുന്നതാണ് ആദ്യഘട്ടം. പത്തു ദിവസത്തിനുള്ളിൽ ഇത് പൂർത്തിയാകും.

രണ്ടാംഘട്ടം പുനഃപതന പ്രതിരോധ ചികിത്സ - ചികിത്സയ്ക്ക് ശേഷം വീണ്ടും ലഹരികിട്ടുന്ന സാഹചര്യത്തിലേക്ക് പോയാൽ അത് ഉപയോഗിക്കാതിരിക്കാനുള്ള ചികിത്സ. മരുന്നുകളും മനശാസ്ത്ര ചികിത്സകളും ഈഘട്ടത്തിൽ നൽകും. ലഹരിയോട് ആസക്തി കുറയ്ക്കുന്ന മരുന്നുകൾ ആറു മുതൽ ഒൻപത്‌ മാസം വരെ ഉപയോഗിച്ചാൽ ലഹരിയിൽ നിന്ന് പിന്തിരിപ്പിക്കാം. തുടർന്ന് വീട്ടുകാരും സുഹൃത്തുക്കളും ചേർന്ന് മാനസിക സന്തോഷം ലഭിക്കുന്ന ചുറ്റുപാടുകൾ സൃഷ്ടിക്കണം.

ചികിത്സാകേന്ദ്രങ്ങൾ ?

തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, കോട്ടയം, തൃശൂർ മെഡിക്കൽ കോളേജുകളിലെ മാനസികാരോഗ്യവിഭാഗങ്ങളിലും തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ മാനസികാരോഗ്യകേന്ദ്രങ്ങളിലും ലഹരി വിമോചന ചികിത്സ ലഭ്യമാണ്. ഇത് കൂടാതെ മറ്റ് സർക്കാർ, സ്വകാര്യ ആശുപത്രികളിലും എക്സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതിയുടെ ഭാഗമായും ലഹരിവിമോചന ചികിത്സ ലഭ്യമാണ്.

Advertisement
Advertisement