ചൈനയിലെ വ്യാപനത്തിന് കാരണം പാഴ്സലുകളെന്ന് ആരോപണം

Saturday 13 November 2021 3:05 AM IST

ബീജിംഗ്: ചൈനയിൽ വീണ്ടും കൊവിഡ് വ്യാപനം വർദ്ധിക്കുന്നതിന്റെ കാരണം വസ്ത്രശാലകളിൽ നിന്നുള്ള പാഴ്സലുകളാണെന്ന് ആരോപണം. ചൈനയിലെ ഹുബേയിലെ കുട്ടികൾക്കായുള്ള വസ്ത്രനിർമ്മാണ ഫാക്ടറിയിലെ മൂന്നു ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് ഇവിടെനിന്നു പാഴ്സൽ ലഭിച്ചവരും വസ്ത്രങ്ങൾ കൈകാര്യം ചെയ്തവരും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് കമ്പനി അറിയിച്ചു.

ഹുബേയില ഹാഒഹുയ് ഇ കൊമേഴ്സ് കമ്പനിയിൽ നിന്ന് അയച്ച 300 പാക്കേജുകൾ പരിശോധനയ്ക്കു വിധേയമാക്കിയെന്ന് അധികൃതർ അറിയിച്ചു. എന്നാൽ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. വസ്ത്രപാക്കേജുകൾക്ക് പുറമേ ഇറക്കുമതി ചെയ്യുന്ന തണുത്ത ഭക്ഷണപദാർത്ഥങ്ങളും ചൈന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. വിദേശത്തു നിന്നോ ചൈനയിലെ തന്നെ ഹൈ–റിസ്ക് പ്രദേശങ്ങളിൽ നിന്നോ ഉള്ള പാഴ്സലുകൾ അണുവിമുക്തമാക്കണം.

വീണ്ടും കൊവിഡ് വ്യാപിക്കാതിരിക്കാൻ ശക്തമായ നടപടികളാണ് ചൈനീസ് ഭരണകൂടം കൈക്കൊള്ളുന്നത്. ആയിരത്തോളം പേരെ ബാധിച്ച ഡെൽറ്റ വകഭേദം പൊട്ടിപ്പുറപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ വൈറസിന്റെ ഉറവിടം ഇല്ലാതാക്കാൻ സാദ്ധ്യമായ എല്ലാ വഴികളും ചൈന നോക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും വിനോദകേന്ദ്രങ്ങളും അടയ്ക്കുന്നതിന് പുറമേ കൊവിഡ് റിപ്പോർട്ട് ചെയ്ത പ്രദേശത്തെ എല്ലാവരോടും പരിശോധനയ്ക്ക് വിധേയമാകണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകി. പ്രാദേശികമായി വ്യാപിച്ച 39 കേസുകൾ ചൈനയുടെ ദേശീയ ആരോഗ്യ കമ്മിഷൻ റിപ്പോർട്ട് ചെയ്തിരുന്നു.

Advertisement
Advertisement