ഞാൻ അങ്ങനെ ആരാധകനായി

Friday 12 November 2021 11:38 PM IST

കെ.ജി. മാർക്കോസ്

കുട്ടിക്കാലത്ത് തിരുവനന്തപുരത്തായിരുന്നു താമസം.അന്ന് ഞങ്ങളുടെ വീടിനടുത്ത് സലിം എന്നൊരു തിയേറ്ററുണ്ടായിരുന്നു.അവിടത്തെ കോളാമ്പിയിലൂടെയാണ് ദാസേട്ടന്റെ സിനിമാ ഗാനങ്ങൾ ഞാൻ ആദ്യമായി കേൾക്കുന്നത്.ആ ശബ്ദവും പാട്ടും മനസിൽ കയറി.അങ്ങനെയാണ് ഞാൻ എട്ടാം വയസിൽ ദാസേട്ടന്റെ ആരാധകനാകുന്നത്.എന്നെക്കാൾ 17 വയസ് മൂത്തതാണ് ദാസേട്ടൻ.

പിന്നീട് ഞങ്ങൾ കൊല്ലത്തേക്ക് താമസം മാറ്റി. അവിടെ വച്ച് 1972 ലാണ് ദാസേട്ടനെ ആദ്യമായി നേരിൽ കാണുന്നത്. എന്റെ സഹപാഠിയുടെ പിതാവ് സുധാകരന്റെ വീടുമായി ദാസേട്ടന് അടുത്ത ബന്ധമുണ്ട്. അവിടെ വന്നാൽ നാലഞ്ചു ദിവസം താമസിക്കും. ഒരിക്കൽ ഞാൻ കാണാൻ ചെന്നു. അടുത്തിരുത്തി ദാസേട്ടൻ സംസാരിച്ചു. ദാസേട്ടൻ പാടിയ പാട്ടുകൾ എന്നെക്കൊണ്ട് പാടിച്ചു. അവ അനലോഗ് രീതിയിൽ റെക്കാഡ് ചെയ്യിക്കും. അത് കേട്ടശേഷം നന്നായെന്ന് ദാസേട്ടൻ പറഞ്ഞു.

ദാസേട്ടനോടുള്ള ആരാധനയാണ് എന്നെ സംഗീത ലോകത്തേക്ക് അടുപ്പിച്ചത്. മാസം മുപ്പതും നാല്പതും വേദികളിൽ പാടിയിട്ടുണ്ട്.അധികവും ദാസേന്റെ പാട്ടുകളാണ്. ദാസേട്ടനൊപ്പം പാടാൻ ഇത് വരെ കഴിഞ്ഞിട്ടില്ല. എന്നാൽ, ദസേട്ടന് നിശ്ചയിച്ചിരുന്ന വേദിയിൽ പാടാൻ കഴിഞ്ഞു. 1979 ൽ അമ്പിളി അരവിന്ദ് എന്ന ഡാൻസറുടെ ഓർമ്മയ്ക്ക് നടത്തിയ പരിപാടിയിൽ ദാസേട്ടനും സുജാതയും പാടാനാണ് നിശ്ചയിച്ചിരുന്നത്. കോയമ്പത്തൂരിൽ അത്യാവശ്യമായി പോകേണ്ടി വന്നതിനാൽ അദ്ദേഹം വരാൻ കഴി‌ഞ്ഞില്ല. പകരം ഞാനും സുജാതയും കൂടിയാണ് പാടിയത്. ആ പരിപാടി പൂർണമായി റെക്കാഡ് ചെയ്തിരുന്നു. ദാസേട്ടൻ അത് കേട്ടു. വളരെ നന്നായെന്ന് അദ്ദേഹം പറഞ്ഞു.അത് എനിക്ക് ഒരു അവാർ‌ഡിന് തുല്യമായിരുന്നു.

Advertisement
Advertisement