സീതാറാം നൂറാം വാർഷിക ആഘോഷങ്ങൾ ഇന്നുമുതൽ

Saturday 13 November 2021 3:03 AM IST

തൃശൂർ: സീതാറാം ആയുർവേദ പ്രൈവറ്റ് ലിമിറ്റഡിന്റെ നൂറാം വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. ആഘോഷങ്ങളോട് അനുബന്ധിച്ച് ഇന്നും നാളെയും നടക്കുന്ന പരിപാടികളിൽ കേന്ദ്ര, സംസ്ഥാന മന്ത്രിമാരും ആയുർവേദ രംഗത്തെ പ്രമുഖരും പങ്കെടുക്കുമെന്ന് മാനേജിംഗ് ഡയറക്‌ടർ ഡോ.ഡി. രാമനാഥൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഇന്ന് വൈകിട്ട് അഞ്ചിന് പുഴയ്ക്കൽ ഓസ്‌കാർ സ്റ്റുഡിയോയിൽ നടക്കുന്ന വെബിനാർ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. നാളെ ഉച്ചയ്ക്ക് രണ്ടിന് നൂറാം വാർഷികാഘോഷം കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ ഉദ്ഘാടനം ചെയ്യും. ടി.എൻ. പ്രതാപൻ എം.പി അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ 'ആയുർ രത്‌ന" പുരസ്‌കാരം ഡോ. ഗൂർഡിപിനും, 'അപൂർവ വൈദ്യ പുരസ്‌കാരം" ഡോ.എൽ. മഹാദേവനും സമ്മാനിക്കും.

അമ്പതിനായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ആയുഷ് ചികിത്സാരീതികൾ പ്രചരിപ്പിച്ച ഡോ. സി.പി. മാത്യുവിന് മരണാനന്തര ബഹുമതിയും സമർപ്പിക്കും. ടൂറിസം പ്രമോട്ടേഴ്‌സിനെ കേന്ദ്ര ടൂറിസം മന്ത്രി ശ്രീപദ് നായക് ആദരിക്കും. സീതാറാം റിസർച്ച് ഫൗണ്ടേഷൻ ആചാര രസായനത്തിന്റെ ഭാഗമായി നടത്തിയ അമ്പത് എപ്പിസോഡുകളുടെ ഇ-ബുക്ക് പ്രകാശനവും വെബിനാർ പോർട്ടൽ ഉദ്ഘാടനവും ആയുഷ് മന്ത്രാലയ സെക്രട്ടറി വൈദ്യ രാജേഷ് കോടേച്ചാ നിർവഹിക്കും.

സീതാറാം ആയുർവേദയുടെ ആയുഷ് ലാബ് അസം മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശർമ ഉദ്ഘാടനം ചെയ്യും. വിവിധ ചടങ്ങുകളിൽ ഡോ. തനുജ നെസരി, ഡോ.എം.ആർ. വാസുദേവൻ നമ്പൂതിരി, ഡോ.എസ്. ഗോപകുമാർ, ഡോ.കെ. മുരളീധരൻ തുടങ്ങിയവർ പങ്കെടുക്കും. ഓൺലൈൻ വഴിയാകും മന്ത്രിമാർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുക.

പത്രസമ്മേളനത്തിൽ ഡയറക്ടർമാരായ ഡോ. വിഘ്‌നേഷ് ദേവരാജ്, ജനനി ദേവരാജ്, ഓപ്പറേഷൻ ജനറൽ മാനേജർ സന്ദീപ് വി.ആർ., മാർക്കറ്റിംഗ് ജനറൽ മാനേജർ ഡോ. രാഗേഷ് ചീരൻ എന്നിവരും പങ്കെടുത്തു. പരിപാടികൾ കാണാനുള്ള ലിങ്ക്: www.100yearsofsitaramayurveda.com

100ന്റെ നിറവ്

1921ലാണ് അന്നത്തെ കൊച്ചി മഹാരാജാവ് രാമവർമ്മ കുഞ്ഞിക്കിടാവ് പതിനഞ്ചാമൻ ആദ്യത്തെ ഓഹരിയെടുത്ത് സീതാറാം ഫാർമസിക്ക് തുടക്കം കുറിക്കുന്നത്. നിലവിൽ അഞ്ഞൂറോളം ഔഷധങ്ങൾ നിർമ്മിക്കുന്നുണ്ട്. ഇവയിൽ അമ്പതോളം അരിഷ്ടാസവങ്ങൾ, നൂറോളം എണ്ണക്കുഴമ്പുകൾ, നാൽപ്പതോളം ചൂർണം, 85ഓളം കഷായങ്ങൾ എന്നിവ ഉൾപ്പെടുന്നു.

Advertisement
Advertisement