ഖത്തറിൽ പന്ത് തട്ടാൻ ബ്രസീൽ റെഡി

Saturday 13 November 2021 2:52 AM IST

ബ്രസീലിന് ലോകകപ്പ് യോഗ്യത,​

ബ്രസീലിയ:ഇന്നലെ നടന്ന ദക്ഷിണ അമേരിക്കൻ യോഗ്യതാ മത്സരത്തിൽ കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി 2022ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തിന് ഫുട്ബാൾ പ്രേമികളുടെ പ്രിയടീമായ ബ്രസീൽ ടിക്കറ്റുറപ്പിച്ചു. ബ്രസീലിന്റെ തട്ടകമായ ബ്രസീലിയയിലെ കൊരിന്ത്യൻസ് അരീനയിൽ നടന്ന മത്സരത്തിൽ ലൂക്കാസ് പക്വേറ്റയാണ് കൊളംബിയയ്ക്കെതിരെ ബ്രസീലിന്റെ വിജയ ഗോൾ നേടിയത്. ദക്ഷിണ അമേരിക്കയിൽ നിന്ന് ഖത്തർ ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമാണ് ബ്രസീൽ. കളിച്ച 12 മത്സരങ്ങളിൽ 11ലും ജയിച്ച ബ്രസീൽ 34 പോയിന്റുമായി മറ്റുടീമുകളേക്കാൾ ഏറെ മുന്നിലാണ്. അഞ്ച് മത്സരങ്ങൾ കൂടി ബാക്കി നിൽക്കെയാണ് മഞ്ഞപ്പട യോഗ്യത ഉറപ്പിച്ചത്. മ‍റുവശത്ത് കൊളംബിയ 13 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി അഞ്ചാംസ്ഥാനത്താണ്.

മഴപെയ്ത പ്രതലത്തിൽ നടന്ന മത്സരത്തിൽ പരുക്കൻ കളിയാണ് ഇരുടീമും പുറത്തെടുത്തത്. 44 ഫൗളുകൾ ഉണ്ടായ മത്സരത്തിൽ ഇരുടീമിലേയുമായി ഏഴ് താരങ്ങൾ മഞ്ഞക്കാർഡ് കണ്ടു. രണ്ടാം പകുതിയിൽ72-ാം മിനിട്ടിൽ നെയ്മറിന്റെ പാസൽ നിന്നാണ് പാക്വേറ്റ ബോക്സിനുള്ളിൽ നിന്ന് ബ്രസീലിന്റെ വിജയഗോൾ നേടിയത്.

മറ്റ് മത്സരങ്ങളിൽ ഇക്വഡോർ വെനസസ്വേലയേയും ചിലി പരാഗ്വേയും ഏകപക്ഷീയമായ ഒരു ഗോളിന് തന്നെ കീഴടക്കി.

5 തവണ ലോകകപ്പ് ചാമ്പ്യൻമാരായ ടീമാണ് ബ്രസീൽ

ഇതുവരെ നടന്ന എല്ലാ ഫുട്ബാൾ ലോകകപ്പിലും കളിച്ചു

ദക്ഷിണ അമേരിക്കയിൽ 10 ടീമുകളാണ് യോഗ്യതാ മത്സരം കളിക്കുന്നത്. ഇതിൽ ആദ്യ നാല് ,​സ്ഥാനക്കാർ നേരിട്ട് യോഗ്യത നേടും. അഞ്ചാം സ്ഥാനത്ത് എത്തുന്ന ടീമിന് പ്ലേ ഓഫ് കളിച്ച് ജയിച്ചാൽ യോഗ്യത നേടാം

11- ലോകകപ്പ് യോഗ്യ മത്സരങ്ങളിൽ ബ്രസീലിന്റെ തുടർച്ചയായ 11-ാമത്തെ വിജയമാണിത്. ലാറ്റിനമേരിക്കയിലെ റെക്കാഡ് വിജയക്കുതിപ്പാണ് ഇത്.

10-അവസാനം നാട്ടിൽ കളിച്ച പത്ത് യോഗ്യതാ പോരാട്ടങ്ങളിൽ ഒരുഗോൾ പോലും വഴങ്ങിയില്ല എന്ന റെക്കാഡുംവ ബ്രസീലിന് സ്വന്തം.

Advertisement
Advertisement