വരും മണിക്കൂറിൽ കനത്ത മഴ, കാറ്റിനും ശക്തി കൂടും; തലസ്ഥാനത്ത് ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കി

Saturday 13 November 2021 12:11 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത മഴയ്‌ക്ക് സാദ്ധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് മഴ ശക്തി പ്രാപിക്കുക. മണിക്കൂറിൽ 40 കി. മീ വേഗതയിൽ കാറ്റിനും സാദ്ധ്യതയുണ്ട്. തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് തിരുവനന്തപുരത്ത് വലിയ തോതിൽ നാശനഷ്‌ടങ്ങളുണ്ടായി. നാഗർകോവിലിന് സമീപം ഇരണിയിലിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണു. ഇതോടെ ട്രെയിൻ ഗതാഗതം ഭാഗികമായി റദ്ദാക്കി. നാഗർകോവിൽ-കോട്ടയം, ഞായറാഴ്‌ചത്തെ ചെന്നൈ-എഗ്മോർ -ഗുരുവായൂർ ട്രെയിൻ എന്നിവ റദ്ദാക്കിയിട്ടുണ്ട്.

നെയ്യാറ്റിൻകര ടി ബി ജംഗ്ഷനിൽ മരുത്തൂർ പാലത്തിന്റെ പാർശ്വഭിത്തി തകർന്നു. പാലത്തിന്റെ ഒരു വശത്തുള്ള റോഡും ഭാഗികമായി ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്. ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകൾ 60 സെന്റിമീറ്റർ ഉയർത്തി. പേപ്പാറ ഡാമിന്റെ ഷട്ടറുകൾ നിലവിൽ 80 സെന്റി മീറ്റർ ഉയർത്തിയിട്ടുണ്ട്. രാത്രി 40 സെന്റിമീറ്റർ കൂടി ഉയർത്തും.

മഴക്കെടുതി നേരിടാൻ ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

അടുത്ത 12 മണിക്കൂറിനുള്ളിൽ ആൻഡമാനിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ എത്തിച്ചേരും. ഓറഞ്ച്,മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ഇടിയോടു കൂടിയ മഴക്ക് സാദ്ധ്യത ഉള്ളതിനാലും മലയോരമേഖലകളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.

Advertisement
Advertisement