ഇതിന്റെയൊക്കെ കാശ് ഇവന്മാരുടെയൊക്കെ അച്ഛൻമാരാണോ കൊടുക്കുന്നത്, 'ഷെയിം ഓൺ യു ജോസ് കെ മാണി'; രൂക്ഷവിമർശനവുമായി മേജർ രവി

Saturday 13 November 2021 11:59 AM IST

ജോസ് കെ മാണി രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ രൂക്ഷവിമർശനവുമായി മേജർ രവി. ഒരു സാമൂഹിക ബോധം വേണമെന്നും, ഇല്ലെങ്കിൽ തന്നെപ്പോലുള്ളവർ പ്രതികരിക്കുമെന്നും മേജർ രവി വിമർശിച്ചു. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്.


'അധികാര മോഹികളായിട്ടുള്ള ചില വർഗങ്ങൾ, ഇവറ്റകൾക്ക് അധികാരം വേണം...കോൺഗ്രസിൽ നിന്ന് ഇങ്ങോട്ട് ചാടിക്കഴിഞ്ഞാൽ അസംബ്ലിയിൽ എന്തെങ്കിലും മന്ത്രിസ്ഥാനം കിട്ടുമെന്ന് കരുതി. ഇതിന്റെയൊക്കെ കാശ് ഇവന്മാരുടെയൊക്കെ അച്ഛൻമാരാണോ കൊടുക്കുന്നത്...നമ്മളല്ലേ...എന്തെങ്കിലും അധികാരം ഇവന്റയൊക്കെ നെഞ്ചത്ത് വേണം. ഷെയിം ഓൺ യു ജോസ് കെ മാണി. അത്രയേ നിങ്ങളോട് പറയാനുള്ളൂ...ഒരു സാമൂഹിക ബോധം വേണം. ഇല്ലെങ്കിൽ എന്നെപ്പോലുള്ളവർ ഇതുപോലെ പ്രതികരിക്കും .' മേജർ രവി പറഞ്ഞു.


യു ഡി എഫ് മുന്നണി വിട്ട് എൽ ഡി എഫിലേക്ക് വന്നപ്പോൾ ജോസ് കെ മാണി രാജിവച്ച രാജ്യസഭ സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി നിന്ന് മത്സരിച്ച് ജയിക്കാനായിരുന്നു ജോസ് കെ മാണിയുടെ പദ്ധതി. എന്നാൽ പാലാ നിയോജക മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പനോട് തോറ്റതോടെ ഒരിക്കൽ രാജിവച്ച് ഒഴിഞ്ഞ സ്ഥാനത്തേക്ക് മടങ്ങിപ്പോകാനുള്ള ഒരുക്കത്തിലാണ് ജോസ്.