സെെക്കിളിൽ ഇന്ത്യ ചുറ്റാൻ, കെെകളില്ലാത്ത പ്രണവ്

Sunday 14 November 2021 12:31 AM IST

തൃശൂർ: ജന്മനാ ഇരു കെെകളുമില്ലാത്ത പ്രണവ് സൈക്കിളിൽ ഇന്ത്യ ചുറ്റാനൊരുങ്ങുകയാണ്. ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായാണ് യാത്ര. അതിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണണം. കാൽകൊണ്ട് വരച്ച ചിത്രം സമ്മാനിക്കണം. അതിനു സഹായം തേടി നടനും എം.പിയുമായ സുരേഷ് ഗോപിയെ കാണാനുള്ള ശ്രമത്തിലാണ് 23 കാരനായ പാലക്കാട് ആലത്തൂർ അരങ്ങാട്ടുപറമ്പിൽ പ്രണവ്.

അഭ്യാസിയെപ്പോലെ കാലുയർത്തി സ്വിച്ചിടും. വലത് കാൽവിരലുകളിൽ പേന വച്ചെഴുതും. ചിത്രം വരയ്ക്കും. തൂത്തുവാരും. ഗ്ളാസ് പിടിച്ച് പാനീയങ്ങൾ കുടിക്കും. ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കും. സോഷ്യൽ മീഡിയയിലും സജീവം. കുളി, വസ്ത്രധാരണം തുടങ്ങി ചില്ലറ ആവശ്യങ്ങൾക്കേ പരസഹായം വേണ്ടൂ. 2019ലെ നാഷണൽ പാരലിപിംക്സിൽ 400,800 മീറ്റർ ഓട്ടത്തിലും മികവ് തെളിയിച്ചു.

ജ്യേഷ്ഠൻ പ്രവീണിന്റെ സഹായത്തോടെ ഏഴാം ക്ളാസ് മുതലാണ് സെെക്കിൾ സവാരി തുടങ്ങിയത്. വീണിട്ടും തളരാതെ ഹാൻഡിലിൽ തോളമർത്തി ചവിട്ടിപ്പഠിച്ചു. താടി കൊണ്ട് ബ്രേക്ക് അമർത്തും. പ്ളാസ്റ്റിക് വിരുദ്ധ പ്രചാരണത്തിനായി 50 കിലോമീറ്റർ സെെക്കിളോടിച്ചിരുന്നു. സഹോദരനെ അനുകരിച്ചാണ് വര തുടങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എം.ബി. രാജേഷ്, വെള്ളാപ്പള്ളി നടേശൻ, മോഹൻലാൽ, രജനികാന്ത്, സച്ചിൻ തുടങ്ങിയവരുടെ ചിത്രം വരച്ച് അവർക്ക് സമ്മാനിച്ചിട്ടുണ്ട്.

 അമ്മയുടെ കരുതലിൽ ഓരോ ചുവടും

നിയന്ത്രണം കിട്ടാതെ വീഴുമായിരുന്ന കുഞ്ഞു പ്രണവിനെ, സ്വന്തം കാൽപ്പാദങ്ങളിൽ നിറുത്തി നടത്തിച്ചത് അമ്മയാണ്. ചുമർചാരി ഇരുത്തുകയും നിറുത്തുകയും ചെയ്തു. രണ്ടാം ക്ളാസ് വരെ കുഞ്ഞിനൊപ്പം സ്കൂളിൽ ചെന്നിരുന്നു. കാൽവിരലുകൾ കൊണ്ട് എഴുതാൻ പരിശീലിപ്പിച്ചു. അതിന് പാകത്തിലുള്ള കുഞ്ഞുമേശയും നെഞ്ചമർത്തിയും ഇടുപ്പിൽ ഘടിപ്പിച്ചും ഉരുട്ടുന്ന കളിവണ്ടിയും മരപ്പണിക്കാരനായ അച്ഛൻ ഉണ്ടാക്കിക്കൊടുത്തു. കാൽവിരലുകളിൽ സ്പൂൺ തിരുകി ഭക്ഷണം കഴിപ്പിച്ചു. ക്രമേണ കാലുകൾ കെെകൾ പോലെ വഴങ്ങി.

'മാതാപിതാക്കളും അദ്ധ്യാപകരും സഹപാഠികളും നാട്ടുകാരും പിന്തുണച്ചില്ലെങ്കിൽ ഞാനിവിടെ എത്തില്ല. പുതിയ വീട് നിർമ്മിക്കാനും സന്മനസുള്ളവർ സഹായിച്ചു. എല്ലാവരോടും നന്ദിയുണ്ട്".

- പ്രണവ്

'എന്തെങ്കിലും കുറവുള്ള കുട്ടിയായി ഞങ്ങൾ പ്രണവിനെ കണ്ടിട്ടില്ല. അവന് ആ തോന്നലുമില്ല".

- ബാലസുബ്രഹ്മണ്യൻ, സ്വർണകുമാരി (മാതാപിതാക്കൾ)​

Advertisement
Advertisement