ഹിറ്റായി കേരള ചിക്കൻ, 51 കോടി വിറ്റുവരവ്

Sunday 14 November 2021 12:38 AM IST

കൊച്ചി: ഗുണമേന്മയുള്ള കോഴിയിറച്ചി ന്യായമായ വിലയ്ക്ക് ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച കേരള ചിക്കൻ കുടുംബശ്രീയ്ക്ക് സമ്മാനിച്ചത് 51 കോടി രൂപയുടെ വിറ്റുവരവ്. ആറു ജില്ലകളിലെ വിജയം അടിത്തറയാക്കി പദ്ധതി നാലു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കാൻ നടപടി ആരംഭിച്ചു.

2017 നവംബറിലാണ് പദ്ധതി ആരംഭിച്ചത്. മൃഗസംരക്ഷണ വകുപ്പുമായി സംയോജിച്ചാണ് കുടുംബശ്രീ പദ്ധതി നടപ്പിലാക്കിയത്. ഇന്റഗ്രേഷൻ ഫാമിംഗ് വഴി ഇറച്ചിക്കോഴി വിപണിയിലെത്തിക്കൽ, പ്രോസസിംഗ് യൂണിറ്റ് പ്രവർത്തിപ്പിക്കൽ എന്നിവയാണ് കുടുംബശ്രീ നിർവഹിക്കുന്നത്.

കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ലിമിറ്റഡ് എന്ന കമ്പനിയും രൂപീകരിച്ചിരുന്നു. ആദ്യഘട്ടത്തിൽ ഫാമുകളിൽ കോഴികളെ വളർത്തി വിപണിയിൽ എത്തിച്ചത് കുടുംബശ്രീയാണ്. 2020 ജൂൺ മുതൽ കേരള ചിക്കന്റെ പ്രത്യേക ബ്രാൻഡഡ് വിപണന കേന്ദ്രങ്ങളും ആരംഭിച്ചു. ഇവ മുഖേന 'കേരള ചിക്കൻ' എന്ന ബ്രാൻഡിൽ ബ്രോയിലർ ചിക്കൻ പൊതുവിപണിയിൽ ലഭ്യമാക്കി.

 ഫാമുകളും വിപണന കേന്ദ്രങ്ങളുമുള്ള ജില്ലകൾ

തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്

ആകെ ഫാമുകൾ- 251

വിപണന കേന്ദ്രങ്ങൾ-88

പ്രതിദിന വിറ്റുവരവ്-18 മുതൽ 20 ലക്ഷം രൂപ

25 ലക്ഷത്തിലേറെ ഇറച്ചിക്കോഴികളെ ഇതുവരെ വിറ്റഴിച്ചു. ഫാമുകളും വിപണന കേന്ദ്രങ്ങളും വഴി 330 കുടുംബങ്ങൾക്ക് തൊഴിൽ ലഭിച്ചു. പാലക്കാട്, മലപ്പുറം, കണ്ണൂർ, ആലപ്പുഴ ജില്ലകളിലും ഫാമുകൾ ആരംഭിക്കും. ബാക്കി നാലു ജില്ലകളിൽ പിന്നീട് ആരംഭിക്കും.

ഡോ.എ. സജീവ് കുമാർ

ചീഫ് എക്സിക്യുട്ടീവ് ഓഫീസർ

കേരള ബ്രോയിലർ ഫാമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ്

Advertisement
Advertisement