ചാക്കുകളൊഴിഞ്ഞ ഗണ്ണി സ്‌ട്രീറ്റിന് പ്രതാപം പഴങ്കഥ

Sunday 14 November 2021 12:58 AM IST

ഒറ്റപ്പെട്ട കാഴ്ച... കോഴിക്കോട് ഗണ്ണി സ്ട്രീറ്റിൽ ചാക്ക് തുന്നുന്ന തൊഴിലാളികളിലൊരാൾ

കോഴിക്കോട്: തുന്നാൻ ആളുകളില്ലാതായതോടെ കോഴിക്കോട്ടെ ഗണ്ണി സ്ട്രീറ്റിന്റെ (കാലിച്ചാക്ക് ബസാർ) പഴയ പ്രതാപം ഏതാണ്ട് അസ്തമിച്ച മട്ടിലായി.

പ്ലാസ്റ്റിക്കിന്റെ കടന്നു വരവോടെ തന്നെ പഴയ കാലിച്ചാക്കുകളുടെ ഒഴുക്ക് കുറഞ്ഞതാണ്. നേരത്തെ വലിയങ്ങാടിയോടു ചേർന്ന് ചാക്ക് വ്യാപാരവുമായി ബന്ധപ്പെട്ട് അൻപതിലധികം കടകളുണ്ടായിരുന്നു ഇവിടെ. ഇപ്പോൾ ആകെ ഏഴു കടകൾ മാത്രം. നൂറ്റൻപതിലേറെ തൊഴിലാളികൾ രാപ്പകലെന്നോണം ജോലി ചെയ്തിരുന്നിടത്ത് വെറും 16 പേരേ ഇപ്പോഴുള്ളൂ. ഇവരിൽ തന്നെ 60 ന് മുകളിലുള്ളവരാണ് കൂടുതലും. നല്ലൊരു പങ്കും കരാർ പണിക്കാരുമാണ്.

ഒരു ചാക്ക് തുന്നിയാൽ 4 മുതൽ 6 രൂപ വരെയാണ് കൂലി. ഒരു ദിവസം ശരാശരി 400 മുതൽ 600 രൂപ വരെയാണ് വരുമാനം. 100 - 150 ചാക്കുകളാണ് ഒരു ദിവസം തുന്നാനാവുക. റേഷൻ അരിയുടേതാണെങ്കിൽ 50 കിലോ ചാക്കിനൊപ്പം മറ്റൊന്നു തുന്നിച്ചേർത്ത് ഒന്നര ചാക്കാക്കിയാണ് വില്പന. മുൻപ് 100 കിലോ പഞ്ചസാര കൊള്ളുന്ന ക്വിന്റൽ ചാക്കുകളും 75 കിലോ ആട്ട ചാക്ക്‌, 90 കിലോ മൈദ ചാക്ക്‌ എന്നിവയെല്ലാം ഇവിടെ നിന്ന് വില്പന നടത്തിയിരുന്നു.

മുമ്പൊക്കെ രാജസ്ഥാൻ, പഞ്ചാബ്, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലേക്ക് ദിവസവും നാലുഞ്ച് ലോഡുകൾ പോയിരുന്ന സ്ഥാനത്ത് ഇപ്പോൾ മാസത്തിൽ മൂന്നും നാലും ലോഡ് പോയാലായി എന്ന അവസ്ഥയാണ്. ചണ കൃഷിയിലുണ്ടായ ഇടിവും പുതിയ തലമുറ ചാക്ക് വില്പന മേഖലയിലേക്ക് കടന്നു വരാത്തതും വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. തേങ്ങ കച്ചവടക്കാർക്കാണ് ഗണ്ണി സ്ട്രീറ്റിലെ ചാക്കുകൾ ഇപ്പോൾ പ്രാധാനമായും കൊണ്ടു പോകുന്നത്.

ചാക്കു തുന്നുന്ന കടകൾ കുറഞ്ഞതോടെ സ്ഥലപരിമിതിയും തുന്നലുകാർക്ക് പ്രശ്നമാവുകയാണ്.

പലരും പുറത്തിരുന്നാണ് ജോലി ചെയ്യുന്നത്. രാവിലെ 9 ന് ആരംഭിക്കുന്ന ജോലി പലപ്പോഴും വൈകിട്ട് അഞ്ചര വരെ നീളാറുണ്ട്.

ഒരു നേരത്തെ ആഹാരത്തിനായി ബുദ്ധിമുട്ടുന്ന തൊഴിലാളികൾക്ക് സർക്കാരിന്റെ ഒരു ആനുകൂല്യവും ഇതു വരെ ലഭിച്ചിട്ടില്ലെന്ന് വർഷങ്ങളായി ഗണ്ണി സ്ട്രീറ്റിൽ ജോലി ചെയ്യുന്ന ആലിക്കോയ പറയുന്നു.

ഇഴകൾ കൂട്ടിച്ചേർത്ത കാലിച്ചാക്ക് ബസാർ

കോഴിക്കോട്ടെ വ്യാപാര മേഖലയ്ക്ക് ഒഴിവാക്കാൻ പറ്റാത്ത ഇടമായിരുന്നു വലിയങ്ങാടിയോട് ചേർന്ന് പ്രവർത്തിച്ചിരുന്ന ഗണ്ണി സ്ട്രീറ്റ് അഥവാ കാലിച്ചാക്ക് ബസാർ. ഇന്ത്യയിലെ പല സ്ഥലങ്ങളിലേക്കും ചാക്കുകൾ കയറ്റി അയച്ചിരുന്നത് ഇവിടെ നിന്നാണ്. പലചരക്കു സാധനങ്ങളും മറ്റും കൊണ്ടു വരുന്ന ചാക്കുകൾ ഉപയോഗത്തിന് ശേഷം ഗണ്ണി സ്ട്രീറ്റിലേക്കാണ് എത്തുന്നത്. റേഷൻ കടകളിലും മറ്റ് വ്യാപാരസ്ഥാപനങ്ങളിൽ നിന്നും ചാക്ക് എടുക്കാനായി ഇടനിലക്കാരും പ്രവർത്തിച്ചിരുന്നു. കടകളിലെത്തുന്ന ചാക്കുകൾ വേണ്ട അളവുകളിൽ തുന്നിച്ചേർത്ത് പുതിയതാക്കി വിൽക്കുകയാണ് ചെയ്യുന്നത്. കൊപ്ര, അടയ്ക്ക വ്യാപാരികളാണ് കൂടുതലായും ഇവിടെ നിന്ന് ചാക്കുകൾ വാങ്ങിയിരുന്നത്.

''കാലിച്ചാക്ക് ബസാറിന്റെ പഴയ പ്രതാപം പൂർണ്ണമായും നശിച്ചു കൊണ്ടിരിക്കുകയാണ്. പാരമ്പര്യമായി ജോലി ചെയ്യുന്നവരാണ് ഇപ്പോൾ ഉള്ളവർ. അവരിൽ പകുതിയും പേർ അസുഖക്കാരാണ്. കിട്ടുന്ന പെെസ മരുന്നിനു പോലും തികയാറില്ല.''

ആലിക്കോയ - തൊഴിലാളി

Advertisement
Advertisement