മുൻ മിസ് കേരളയടക്കമുള്ളവരുടെ മരണം: പിന്തുടർന്ന വ്യവസായിക്ക് പങ്കുണ്ടെന്ന് സൂചന

Sunday 14 November 2021 12:57 AM IST

കൊച്ചി: മുൻ മിസ് കേരളയും റണ്ണറപ്പുമടക്കം മൂന്നു പേർ കാറപക‌ടത്തിൽ മരിച്ച കേസിൽ ഇവരെ പിന്തുടർന്ന ഓഡി കാർ ഓടിച്ച വ്യവസായി‌ക്ക് പങ്കെന്ന് സൂചന. കാറിന്റെ ഉടമ കാക്കനാട് സ്വദേശി സൈജു പൊലീസിന് കൊടുത്ത മൊഴികൾ കളവാണെന്ന് തെളിഞ്ഞു. വഴിയിൽ ഇയാളുമായി സംസാരിച്ച ശേഷമാണ് യുവതികൾ അമിത വേഗതയിൽ പോയതെന്ന് കണ്ടെത്തി. ഇയാൾക്കെതിരെ കേസെടുത്തിട്ടില്ല. ഡി.ജെ പാർട്ടി നടന്ന് ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടൽ ഉടമയുമായി സൈജുവിന് അടുത്ത ബന്ധമുണ്ടെന്നും സംശയിക്കുന്നു.

സൈജുവിനെ ഇന്നലെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. ഹോട്ടലിൽ അർദ്ധരാത്രി വരെ നീണ്ട ആഘോഷം കഴിഞ്ഞാണ് നാലംഗസംഘം നീല ഫോർഡ് ഫിഗോ കാറിൽ പുറപ്പെട്ടത്. സൈജു പിന്തുടർന്നു. കുണ്ടന്നൂരിൽ കാർ തടഞ്ഞ് അൻസിയയുടെ സംഘവുമായി സംസാരിച്ചു. തുടർന്ന് യുവതികളും കൂട്ടുകാരും അമിതവേഗത്തിൽ പോകുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി.

സൈജു അപകട സ്ഥലത്തെത്തിയെങ്കിലും രക്ഷാപ്രവർത്തനത്തിനു മുതിരാതെ ഇടപ്പള്ളിയിലേക്ക് പോയി. അപ്പോൾ ബൈക്ക് റോഡിൽ കിടക്കുന്നത് കണ്ടെങ്കിലും കാർ ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. മദ്യലഹരിയിൽ യാത്ര വേണ്ടെന്ന് സുഹൃത്തുക്കളോട് പറയാനാണ് പിന്തുടർന്നതെന്നും കുണ്ടന്നൂരിൽ നിന്ന് മടങ്ങിയെന്നുമാണ് മൊഴി. എന്നാൽ സൈജു സുഹൃത്തല്ലെന്നാണ് അറസ്റ്രിലായ അബ്ദുൾ റഹ്‌മാൻ പൊലീസിനോട് വെളിപ്പെടുത്തിയത്. അബ്ദുൾ റഹ്‌മാന്റെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും.

 അന്വേഷണം ഇഴയുന്നു

അന്വേഷണം ഹോട്ടലിലേക്കും ഉടമയിലേക്കും നീങ്ങിയതോടെ സിറ്റി പൊലീസിന് തലപ്പത്തു നിന്ന് പിടിവീണ സ്ഥിതിയാണ്. മുൻ ഡി.ജി.പി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെ ബന്ധുബലം ഹോട്ടൽ ഉടമകൾക്കുണ്ടെന്നാണ് സൂചന. അപകട ദിവസം തന്നെ ഹോട്ടലിലെ ക്ളബ് 18 എന്ന ഡാൻസ് ഹാളിലെ സി.സി.ടി.വി ഹാർഡ് ഡിസ്‌ക് ഊരി ദൃശ്യങ്ങൾ നശിപ്പിച്ചിരുന്നു. ഇത് വീണ്ടെടുക്കാൻ ഉടമ വയലാറ്റ് റോയ് ജോസഫിന്റെ ഇടക്കൊച്ചി കണ്ണങ്ങാട്ടുള്ള വീട് പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. ഡിസ്‌ക് മാറ്റിയ ജീവനക്കാരന്റെയും ഏറ്റുവാങ്ങിയ ഉടമയുടെ ഡ്രൈവറുടെയും മൊഴിയെടുത്തെങ്കിലും തുടർനടപടിയില്ല. ഡിസ്‌ക് റോഡിലെ ചവറുകൂനയിൽ കളഞ്ഞെന്നാണ് ഡ്രൈവറുടെ മൊഴി.

 കൊല്ലപ്പെടും മുമ്പ്

മിസ് കേരളയും റണ്ണറപ്പും സുഹൃത്തുക്കൾക്കൊപ്പം ഹോട്ടലിലെ താഴത്തെ നിലയിലെ ഹാളിൽ രാത്രി 10.45ന് ബിയർ കുടിക്കുന്നതിന്റെയും ഉല്ലസിക്കുന്നതിന്റെയും ദൃശ്യങ്ങൾ പൊലീസ് പിടിച്ചെടുത്ത ഹാർഡ് ഡിസ്‌കിലുണ്ട്. അൻസി കബീറും അഞ്ജന ഷാജനും മുഹമ്മദ് ആഷിഖും അറസ്റ്റിലായ അബ്ദുൾ റ‌ഹ്മാനും ഉൾപ്പെടെ എട്ട് പേരാണ് ദൃശങ്ങളിലുള്ളത്. ഏറെ നേരം ഇവിടെ ചെലവിട്ട ശേഷമാണ് ഇവർ യാത്രയായത്. ദൃശ്യങ്ങൾ മുഴുവൻ പൊലീസ് പരിശോധിച്ചിട്ടില്ല. ഫോർട്ടുകൊച്ചി മുതൽ പാലാരിവട്ടം വരെ സ്വകാര്യ സ്ഥാപനങ്ങളിലെ കാമറകളിൽ നിന്ന് പൊലീസ് രണ്ടു കാറുകളുടെയും ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.

'ഹോട്ടൽ ഉടമ റോയ് ജോസഫിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഓഡി കാർ ഇവരുടെ വാഹനത്തിൽ തട്ടുകയോ മുട്ടുകയോ ചെയ്തിട്ടില്ല. ഇക്കാര്യങ്ങളടക്കം പരിശോധിച്ച് വരികയാണ്".

- വൈ. നിസാമുദ്ദീൻ,

അസിസ്റ്റന്റ് കമ്മിഷണ‌ർ കൊച്ചി സിറ്റി

Advertisement
Advertisement