കൊവിഡിനെ പിടിച്ചുകെട്ടിയ ഡി.എം.ഒ പത്തനംതിട്ടയുടെ പടിയിറങ്ങുന്നു

Sunday 14 November 2021 12:15 AM IST
ഡോ.എ.എൽ.ഷീജ

പത്തനംതിട്ട : മഹാപ്രളയവും കൊവിഡും ജില്ലയെ പിടിച്ചുലച്ചപ്പോൾ ആരോഗ്യ സംവിധാനങ്ങളെ കരുത്തോടെ നയിച്ച ജില്ലാ മെഡിക്കൽ ഒാഫീസർ (ഡി.എം.ഒ) ഡോ.എ.എൽ.ഷീജ പത്തനംതിട്ടയോട് വിട പറയുന്നു. ആലപ്പുഴ ഡി.എം.ഒ ആയിട്ടാണ് പുതിയ ദൗത്യം. നിലവിലെ ആലപ്പുഴ ഡി.എം.ഒയും പന്തളം സ്വദേശിയുമായ ഡോ.അനിതകുമാരി ഇനി പത്തനംതിട്ടയുടെ ആരോഗ്യം കാക്കും.

കൊല്ലം സ്വദേശിയായ ഡോ.ഷീജ 2017ലാണ് പത്തനംതിട്ടയിൽ ചുമതലയേറ്റത്. പ്രളയത്തിലും കൊവിഡ് വ്യാപന കാലത്തും ജില്ലയിലെ ആരോഗ്യപ്രവർത്തകരെ കൂട്ടിയോജിപ്പ് നടത്തിയ രോഗ പ്രതിരോധ പ്രവർത്തനങ്ങളാണ് ഡോ.ഷീജയുടെ ഒൗദ്യോഗിക ജീവിതത്തിലെ വെല്ലുവിളി നിറഞ്ഞഘട്ടം. ജില്ലാഭരണകൂടം, സഹപ്രവർത്തകർ, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, മാദ്ധ്യമങ്ങൾ, പൊതുജനങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളുമായി നല്ല ബന്ധം നിലനിറുത്തി ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തി.

തന്റെ സർവീസ് ജീവിതത്തിലെ സംഭവബഹുലമായ നാല് വർഷമാണ് പത്തനംതിട്ടയിലേതെന്ന് ഡോ.ഷീജ കേരളകൗമുദിയോടു പറഞ്ഞു.

പ്രളയത്തിലും തളരാതെ

2018ൽ ജോലി കഴിഞ്ഞ് കൊല്ലത്തേക്ക് പോകുമ്പോഴാണ് ആറൻമുളയും കോഴഞ്ചേരിയുമൊക്കെ പ്രളയത്തിൽ മുങ്ങുന്നതായി അറിഞ്ഞത്. അടൂരിൽ ബസിറങ്ങി. തുണിക്കടയിൽ നിന്ന് പിറ്റേദിവസത്തേക്കുള്ള വസ്ത്രങ്ങൾ വാങ്ങി. അടൂരിലുള്ള ഡെപ്യൂട്ടി ഡി.എം.ഒയുടെ വീട്ടിൽ തങ്ങി. പിറ്റേന്ന് പുലർച്ചെ പത്തനംതിട്ടയിലെത്തി ആറൻമുള ഭാഗത്തേക്ക് പോയി. തെക്കേമല എത്തിയപ്പോൾ പല വീടുകളും വെള്ളത്തിൽ മുങ്ങിയതായി അറിഞ്ഞു. ഒരു വീടിന്റെ ടെറസിൽ വീട്ടമ്മ മരിച്ചു കിടക്കുന്നതായി വിവരം ലഭിച്ചു. സൈന്യത്തിന്റെ ഡിങ്കി ബോട്ടിലാണ് അവിടെയെത്തിയത്. ഭാഷയും വഴിയും അറിയാത്ത അവർക്ക് ആളുകളെ രക്ഷിച്ച് എങ്ങോട്ടു കൊണ്ടുപോകണമെന്ന് അറിയില്ലായിരുന്നു. വഴി പിടികിട്ടാതെ ഡിങ്കി വീടുകളുടെ മതിലുകളിലും വൈദ്യുതി പോസ്റ്റിലുമിടിച്ച് തിരിഞ്ഞു. മുൻ ജില്ലാ കളക്ടർ ഹരികിഷോറിനെ വിവരം അറിയിച്ചു. ഉടനെ വലിയ വള്ളത്തിലെത്തിയ ആളുകളാണ് തങ്ങളെ അവിടെ നിന്ന് തിരികെ കൊണ്ടുവന്നത്.

കരുത്തോടെ കരുതലോടെ

കൊവിഡ് ആദ്യം വ്യാപിച്ച റാന്നി എെത്തലയിൽ ഡോ.ഷീജ നേരിട്ടെത്തി പ്രതിരോധ നടപടികൾ ഏകോപിപ്പിച്ചു. ഭയന്ന് വീടുകളിൽ കഴിഞ്ഞിരുന്നവരെ കണ്ട് കൊവിഡ് പരിശോധന നടത്താനും സുരക്ഷിതമായി കഴിയാനും വേണ്ട സൗകര്യങ്ങളൊരുക്കി. വീട്ടിൽ പോകാതെ ദിവസങ്ങളോളം പത്തനംതിട്ടയിൽ ക്യാമ്പ് ചെയ്തായിരുന്നു കൊവിഡിനെതിരെ യുദ്ധം നയിച്ചത്. അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ.ഷൈലജയും ഇപ്പോഴത്തെ മന്ത്രി വീണാജോർജും വലിയ തോതിൽ സഹായം നൽകി. ജില്ലയിലെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് ഒരിക്കലും ക്രമാതീതമായി ഉയർന്നിട്ടില്ല.

സ്വദേശം കൊല്ലമാണെങ്കിലും പത്തനംതിട്ടയോട് ഇഴപിരിയാത്ത ബന്ധമുണ്ട്. കൊട‌ുമൺ അങ്ങാടിക്കൽ തെക്ക് പാലവിളയിൽ വീടാണ് പിതാവിന്റെ കുടുംബം.

Advertisement
Advertisement