മഴയിൽ വീട് ഇടിഞ്ഞുവീണു, ദുരന്തമൊഴിഞ്ഞത് തലനാരിഴയ്ക്ക്

Sunday 14 November 2021 12:17 AM IST

പത്തനാപുരം: നിലയ്ക്കാതെ പെയ്യുന്ന മഴയിൽ വീടിന്റെ അടുക്കള ഉൾപ്പെടുന്ന ഭാഗം നിലംപതിച്ചു. വീട്ടിലുണ്ടായിരുന്നവർ ഇറങ്ങിയോടിയതിനാൽ ദുരന്തം ഒഴിവായി.

നടുക്കുന്ന് കോശി ഖാൻ പുരയിടത്തിൽ അബ്ദുൾ റഹിമിന്റെ വീടാണ് നിലം പതിച്ചത്. സംഭവ സമയം റഹീമിന്റെ ഭാര്യ സൗദയും മകൻ സിദ്ദിക്കും മുറിയിലുണ്ടായിരുന്നു. വലിയ ശബ്ദം കേട്ടപ്പോൾ ഇവർ പുറത്തേക്ക് ഓടുകയായിരുന്നു. സമീപത്തെ വീട്ടുമുറ്റത്തേക്കാണ് വീടിന്റെ ഭിത്തിയും മേൽക്കൂരകളും ഇടിഞ്ഞു വീണത്. വീട്ടുമുറ്റത്ത് ആരും ഇല്ലാതിരുന്നതും അപകടം ഒഴിവാക്കി. കൂലിപ്പണിക്കാരനായ റഹീം വർഷങ്ങളായി ചികിത്സയിലാണ്. ഇപ്പോൾ കൂലി വേലയ്ക്കു പോകാനാകാതെ സുമനസുകളുടെ സഹായത്താലാണ് കുടുംബം കഴിഞ്ഞു വരുന്നത്. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിന് കാലപ്പഴക്കം ചെന്ന ഈ വീടുമാത്രമായിരുന്നു ആശ്രയം. അവശേഷിക്കുന്ന മുറികളുടെ ഭിത്തിയും വീണ്ടുകീറി ഏത് നിമിഷവും ഇടിഞ്ഞ് വീഴാവുന്ന സ്ഥിതിയിലാണ്. ഇനി അന്തിയുറങ്ങാൻ ഇടമില്ലാത്ത അവസ്ഥയിലാണ് കുടുംബം. സർക്കാരിന്റെ ഭവന പദ്ധതികളിൽ വർഷങ്ങളായകി അപേക്ഷ നൽകുന്നുണ്ടെങ്കിലും ഫലമുണ്ടായില്ല.

Advertisement
Advertisement