പെരുമഴ

Sunday 14 November 2021 12:19 AM IST

കൊല്ലം: കനത്ത മഴയിലും കാറ്റിലും ജില്ലയിൽ വ്യാപക നാശം. ഒട്ടനവധി റോഡുകൾ തകർന്നു. കിഴക്കൻ മേഖലയിൽ വീടുകൾക്ക് നാശമുണ്ടായി. ഉരുൾപൊട്ടൽ ഭീതിയിലാണ് മലയോരമേഖല.

അതേസമയം വടക്കൻ തമിഴ്നാട്ടിൽ പ്രവേശിച്ച തീവ്ര ന്യ്യൂനമർദ്ദം ശക്തികുറഞ്ഞ് ന്യുനമർദ്ദമായിത്തീരുകയും അത് വടക്കൻ തമിഴ്നാടിന്റെ സമീപ പ്രദേശത്ത് സ്ഥിതിചെയ്യുന്നതായും കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുണ്ട്. അടുത്ത മൂന്നുദിവസം വ്യാപകമായി മിതമായതും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതുമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഇന്ന് അറബിക്കടലിൽ മത്സ്യബന്ധനത്തിന് പോകുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൊല്ലം തീരത്തും തെക്ക് -കിഴക്കൻ അറബിക്കടലിലും മണിക്കൂറിൽ 40- 50 കി. മീ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

തിരികെയെത്തണം

ബംഗാൾ ഉൾക്കടലിൽ തെക്കുഭാഗത്തെ ആൻഡമാൻ കടലിൽ തായ്‌ലൻഡ് തീരത്തിനോട് ചേർന്ന് ഇന്നലെ രാവിലെ 8.30ഓടെ മറ്റൊരു ന്യൂന മർദ്ദം കൂടി രൂപപ്പെട്ടിട്ടുണ്ട്. നാളെയോടെ വടക്കൻ ആൻഡമാൻ കടലിലും തെക്കു-കിഴക്ക് ബംഗാൾ ഉൾക്കടലിലുമായി ഇത് തീവ്ര ന്യൂനമർദ്ദമാകും. അതിനാൽ തെക്കൻ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും പോയിട്ടുള്ള മത്സ്യത്തൊഴിലാളികൾ തിരികെ എത്തണമെന്നും നിർദ്ദേശമുണ്ട്.

തെന്മലയിൽ ഓറഞ്ച് അലർട്ട്


കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായ തെന്മല പരപ്പാർ ഡാമിലെ റിസർവോയറിന്റെ ജലനിരപ്പ് രണ്ടാം മുന്നറിയിപ്പ് നിലയായ 14.31 മീറ്റർ കടന്നതിനെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റിസർവോയറിന്റെ പരമാവധി ജലനിരപ്പ് 16.73 മീറ്റർ ആണ്. വൃഷ്ടി പ്രദേശത്ത് മഴയുള്ളതിനാലും റിസർവോയറിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാലും ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഒരുമീറ്റർ ഉയർത്തി ജലം ഒഴുക്കുന്നുണ്ട്. കല്ലടയാറ്റിലെ ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുള്ളതിനാൽ അധികൃതരുടെ നിർദ്ദേശം അനുസരിച്ച് തീരദേശത്തുള്ളവർ ക്യാമ്പുകളിലേക്ക് മാറാൻ തയാറാകണമെന്ന് കളക്ടർ അറിയിച്ചു.


കൺട്രോൾ റൂം നമ്പരുകൾ

 ജില്ലാ കൺട്രോൾ റൂം: 1077, 0474-2794002, 2794004
 കൊല്ലം താലൂക്ക്: 0474 2742116
 കരുനാഗപ്പള്ളി: 0476 2620223
 കുന്നത്തൂർ: 0476 2830345
 കൊട്ടരക്കര: 0474 2454623
 പുനലൂർ: 0475 2222605
 പത്തനാപുരം: 0475 2350090

Advertisement
Advertisement