ദത്ത് വിവാദ വിഷയം മുഖ്യമന്ത്രി അറിഞ്ഞിരുന്നു,​ പി.കെ. ശ്രീമതിയുടെ ഫോൺ സംഭാഷണം പുറത്ത്

Sunday 14 November 2021 12:45 AM IST

തിരുവനന്തപുരം: ദത്ത് വിവാദ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി പരാതിക്കാരിയായ അനുപമയോട് പറയുന്ന ഫോൺ സംഭാഷണം പുറത്ത്. ഇതോടെ മാദ്ധ്യങ്ങളിലൂടെയാണ് വിഷയം അറിഞ്ഞതെന്ന സി.പി.എം വാദവും പൊളിഞ്ഞു.

അനുപമയും മാതാപിതാക്കളും തമ്മിലുള്ള വിഷയമാണെന്നും നമുക്കിതിൽ റോളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞെന്ന് ശ്രീമതി ഫോണിൽ പറയുന്നുണ്ട്. വിഷയം മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നതിന് ഒരു മാസം മുമ്പാണ് ശ്രീമതിയും അനുപമയും തമ്മിൽ സംസാരിച്ചത്. വിഷയം പരിഹരിക്കാൻ താൻ ശ്രമിച്ചിരുന്നു. താൻ നിസഹായയാണെന്നും ശ്രീമതി പറയുന്നുണ്ട്.

പാർട്ടി അംഗങ്ങളായ അച്ഛനും അമ്മയ്‌ക്കുമെതിരെ ഒന്നും ചെയ്യാൻ കഴിയില്ലേയെന്ന് അനുപമ ചോദിച്ചപ്പോൾ വേറെ ആരെങ്കിലും ആണെങ്കിൽ ചെയ്‌തേനെ എന്നായിരുന്നു ശ്രീമതിയുടെ മറുപടി. പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്ണനുമായി വിഷയം സംസാരിച്ചെന്നും ശ്രീമതി പറയുന്നുണ്ട്.

അതേസമയം ഷിജു ഖാൻ, സി.ഡബ്ലിയു.സി ചെയർപേഴ്സൻ അഡ്വ. എൻ. സുനന്ദ എന്നിവരെ നീക്കണമെന്നാവശ്യപ്പെട്ട് അനുപമയും ഭർത്താവ് അജിത്തും ശിശുക്ഷേമ സമിതി ഓഫീസിന് മുമ്പിൽ ആരംഭിച്ച അനിശ്ചിതകാല രാപ്പകൽ സമരം നാലം ദിവസത്തിലേക്ക് കടന്നു. മഴ നനയാതിരിക്കാൻ പന്തൽ കെട്ടാൻ കഴിഞ്ഞദിവസം ഇവർ ശ്രമിച്ചെങ്കിലും പൊലീസ് അനുവദിച്ചില്ല. തുടർന്ന് അനുമതിയില്ലാതെ തന്നെ ഇവർ പന്തൽ കെട്ടി.

Advertisement
Advertisement