പൂട്ടിടും, പൂസായി പായുന്നതിന്

Monday 15 November 2021 1:10 AM IST

കൊച്ചി: 'കൊവിഡല്ലേ, പൊലീസിന്റെ ഊതിക്കൽ ഇല്ലല്ലോ' എന്ന് കരുതി വാഹനവുമായി നിരത്തിലിറങ്ങുന്നവർ‌ ജാഗ്രത. രാത്രികാല പരിശോധനയടക്കം കൂട്ടി പൂസായി പായുന്നവരെ പൊക്കാൻ കച്ചമുറുക്കുകയാണ് പൊലീസ്. ഇടപ്പള്ളി- പാലാരിവട്ടം ബൈപ്പാസിൽ മുൻ മിസ് കേരളയടക്കം മൂന്ന് പേ‌ർ മരിക്കാനിടയായ സംഭവമാണ് കടുത്ത തീ‌രുമാനമെടുക്കാൻ പൊലീസിനെ പ്രേരിപ്പിച്ചത്. മുക്കിലും മൂലയിലും പൊലീസിനെ വിന്യസിച്ചു കഴിഞ്ഞു.

കൂടി, മദ്യപിച്ച് വാഹനയോട്ടം

കൊവിഡ് വ്യാപനത്തെ തുട‌ർന്നാണ് പൊലീസ് ബ്രെത്ത് അനലൈസർ (മദ്യത്തിന്റെ തോത് പരിശോധിക്കുന്ന ഉപകരണം ) പിൻവലിച്ചത്. ഒരേ സമയം പലരെയും പരിശോധിക്കേണ്ടി വരുന്നത് കൊവിഡ് പകർച്ചയ്ക്ക് കാരണമാക്കുമെന്ന വിലയിരുത്തലായിരുന്നു ഇതിന് കാരണം. എന്നാൽ മദ്യപന്മാ‌ർ ഇതൊരു അനുഗ്രഹമായി കണ്ടു. ലക്കും ലഗാനുമില്ലാതെ വാഹനം ഓടിക്കൽ പതിവാക്കി. രാത്രികാലങ്ങളിലെ അപകടങ്ങൾ ഏറെയും മദ്യപിച്ച് അശ്രദ്ധമായി വാഹനം ഓടിച്ചതിനാലാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഇതാണ് നടപടി ശക്തമാക്കാൻ മറ്റൊരു കാരണം.

വൈദ്യ പരിശോധന

വാഹനം പരിശോധിച്ച് ഡ്രൈവ‌ർ മദ്യപിച്ചിട്ടുണ്ടന്ന് സംശയം തോന്നിയാൽ വൈദ്യ പരിശോധന നടത്തും. ഇതിൽ മദ്യത്തിന്റെ അളവ് 30മില്ലിയിൽ കൂടുതലാണെന്ന് കണ്ടെത്തിയാൽ പിഴയീടാക്കും. 5000 മുതൽ 10000 രൂപ വരെയാണ് പിഴത്തുക. അപകടരമായ രീതിയിൽ വാഹനം ഓടിച്ചെന്ന് കണ്ടെത്തിനാൽ ശിക്ഷ കൂടും.

 മാസം - അപകടം - മരണം (2020)
ജനുവരി - 3875 - 398
ഫെബ്രുവരി -3726- 376
മാർച്ച് - 2847 -291
ഏപ്രിൽ -439 -52
മെയ് - 1380- 149
ജൂൺ - 2003 - 215
ജൂലായ് - 1770 -168
ആഗസറ്റ് - 1778 -243
സെപ്തംബർ - 2041 - 180
ഒക്ടോബർ -2343 -264
നവംബർ 2622 -370
ഡിസംബർ - 2953- 370

രാത്രികാലങ്ങളിൽ അപകടം കൂടുകയാണ്. മദ്യപിച്ച് വാഹനം ഓടിക്കുന്ന പ്രവണത വർദ്ധിച്ച് വരികയാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കാൻ തീരുമാനിച്ചത്.

ഐശ്വര്യ ഡോംഗ്റെ

ഡി.സി.പി

കൊച്ചി സിറ്റി

സംസ്ഥാനത്ത് അടുത്തിടെ നടന്ന വാഹനാപകടങ്ങൾ പരിശോധിച്ചാൽ ഇതിൽ അധികവും മദ്യപിച്ച് വാഹനമോടിച്ചതിനാൽ ഉണ്ടായതാണ്. കൊവിഡിന്റെ സാഹചര്യത്തിന് മുമ്പുള്ള പോലെ പൊലീസ് നടപടി ശക്തമാക്കാൻ തീരുമാനിച്ചത് സ്വഹതാർഹമാണ്.

കുരുവിള മാത്യൂസ്

ജില്ലാ പ്രസിഡന്റ്

മദ്യ വിരുദ്ധ ജനകീയ മുന്നണി

Advertisement
Advertisement