പൊന്നാനിയിൽ ശ്മശാന ഭൂമികൾ ഇനി പൂങ്കാവനമാകും

Monday 15 November 2021 12:27 AM IST
ശാ​ന്തി​ക​വാ​ടം​ ​പ​ദ്ധ​തി​യു​ടെ​ ​ഉ​ദ്ഘാ​ട​നം​ ​പൊ​ന്നാ​നി​ ​ഹൈ​ദ്രോ​സ് ​പ​ള​ളി​ ​ഖ​ബ​ർ​സ്ഥാ​നി​ൽ​ ​ചെ​ടി​ ​ന​ട്ട് ​പൊ​ന്നാ​നി​ ​മ​ഖ്ദൂം​ ​എം.​പി​ ​മു​ത്തു​ക്കോ​യ​ ​ത​ങ്ങ​ൾ​ ​നി​ർ​വഹിക്കുന്നു.

പൊന്നാനി: കാട് മൂടി പൊതുജനങ്ങളിൽ ഭീതി മാത്രം സൃഷ്ടിച്ചിരുന്ന ചടുല പറമ്പുകളും, പള്ളിക്കാടുകളും, ശ്മശാനങ്ങളും പൊന്നാനിയിൽ ഇനി അനാഥമായ ഇടങ്ങളല്ല. പള്ളിക്കാടുകളിൽ മരണമില്ലാത്ത ഓർമ്മകളുടെ പൂങ്കാവനമൊരുക്കുകയാണ് സി പി.എമ്മിന്റെ നേതൃത്വത്തിലുള്ള സംഘം. അന്ത്യവിശ്രമസ്ഥലം ഉദ്യാനവും, ഫലവൃക്ഷത്തോട്ടവും ,ആയുർവ്വേദ കാടുകളുമാക്കി നവീകരിക്കുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചത്. നവംബർ 27, 28 തിയതികളിൽ നടക്കുന്ന സി.പി.എം പൊന്നാനി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായാണ് ശാന്തികവാടം പദ്ധതി നടപ്പാക്കുന്നത്. പൊന്നാനി ഏരിയാ കമ്മിറ്റിക്കു കീഴിലെ പൊന്നാനി സൗത്ത്, പൊന്നാനി നഗരം, പൊന്നാനി, ചെറുവായിക്കര, ഈഴുവത്തിരുത്തി, കാഞ്ഞിരമുക്ക്, മാറഞ്ചേരി, എരമംഗലം, പെരുമ്പടപ്പ്, വെളിയങ്കോട് എന്നീ ലോക്കൽ കമ്മിറ്റികൾക്കു കീഴിൽ പദ്ധതി നടപ്പാക്കും.

ശാന്തികവാടം എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മഹല്ല് കമ്മറ്റികൾ, ക്ഷേത്ര കമ്മറ്റികൾ, പള്ളി ഇടവകകൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. നിറമുള്ള പൂക്കളും, ഫലവൃക്ഷത്തൈകളും നട്ട് പരിപാലിച്ച് പള്ളിക്കാടുകളുടെ സങ്കൽപ്പത്തെ മാറ്റിമറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബർസഖ് പദ്ധതി ആവിഷ്‌ക്കരിച്ചത്. ആദ്യഘട്ടത്തിൽ പൊന്നാനി താലൂക്ക് ഓഫീസ് പരിസരത്തെ ഹൈദ്രോസ് പളളി, കോടമ്പി ജാറം എന്നിവിടങ്ങളിലെ പള്ളിക്കാടുകൾ ഉദ്യാനമാക്കി മാറ്റുന്ന പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചത്.

അതാത് ലോക്കൽ കമ്മിറ്റിക്ക് കീഴിൽ ശാന്തി കവാടം പദ്ധതിക്കായി പാർട്ടി അംഗങ്ങളും അനുഭാവികളുമായവരുടെ സന്നദ്ധ ടീമിനെ തയ്യാറാക്കും. ഇവരുടെ നേതൃത്വത്തിലാണ് ഉദ്യാനങ്ങളൊരുക്കലും പരിപാലനവും. പരിസ്ഥിതി പ്രവർത്തകനും ജൈവകർഷകനുമായ അനീഷ് നെല്ലിക്കലിനെ പോലുള്ളവരുടെ സഹകരണവും പദ്ധതി നടത്തിപ്പിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. പള്ളികളുടെ നഗരവും, മലബാറിലെ മക്കയുമായ പൊന്നാനിയിലെ മുഴുവൻ പള്ളിക്കാടുകളും ഇത്തരത്തിൽ ഉദ്യാനങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം. ശാന്തികവാടം പദ്ധതിയുടെ ഉദ്ഘാടനം പൊന്നാനി ഹൈദ്രോസ് പളളി ഖബർസ്ഥാനിൽ ചെടി നട്ട് പൊന്നാനി മഖ്ദൂം എം.പി മുത്തുക്കോയ തങ്ങൾ നിർവ്വഹിച്ചു. ചടങ്ങിൽ സി.പി.എം പൊന്നാനി നഗരം ലോക്കൽ സെക്രട്ടറി യു.കെ അബൂബക്കർ അധ്യക്ഷത വഹിച്ചു. സി.പി മുഹമ്മദ്കുഞ്ഞി, രജീഷ് ഊപ്പാല, എം.എ ഹമീദ്, വി.പി ബാലകൃഷ്ണൻ, ടി. വൈ.അരവിന്ദാക്ഷൻ, എ.റഹീം, കെ.ഹബീബ് റഹ്മാൻ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement