കൈപ്പട്ടൂർ പാലത്തിന്റെ അപ്രോച്ച് റോഡ് വീണ്ടും ഇടിഞ്ഞുതാഴ്ന്നു

Monday 15 November 2021 12:44 AM IST
കൈപ്പട്ടൂർ പാലത്തിന്റെ അപ്രോച്ച് റോഡ് ഇടിഞ്ഞു താഴ്ന്ന നിലയിൽ

പത്തനംതിട്ട: കനത്ത മഴയിൽ കൈപ്പട്ടൂർ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ഭാഗം വീണ്ടും ഇടിഞ്ഞുതാഴ്ന്നു. ഓമല്ലൂർ ഭാഗത്ത് അപ്രോച്ച് റോഡ് ചേരുന്നയിടത്തെ സംരക്ഷണ ഭിത്തിയാണ് തകർന്നത്. ഇവിടെ പാറകൾ ഇളകി വിടവിലൂടെ മണ്ണും വെള്ളവും സമീപത്തെ വീട്ടുമുറ്റത്തേക്ക് ഒലിച്ചിറങ്ങി. റോഡിൽ വലിയ ഗർത്തം രൂപപ്പെട്ട് അപകട ഭീഷണിയുണ്ടായതോടെ ഭാരവാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുുത്തി. പാലത്തിന് ബലക്ഷയം ഇല്ല. വലിയ വിള്ളലാണ് രൂപപ്പെട്ടിട്ടുള്ളത്. സമീപത്തെ താമസക്കാർക്കും ഇത് ഭീഷണിയായി.

കെ.എസ്.ഇ.ബി അധികൃതർ കഴിഞ്ഞ ദിവസം വൈദ്യുതി പോസ്റ്റ് പിഴുതു മാറ്റിയപ്പോഴുണ്ടായ കുഴിയിൽ നിന്നാണ് മണ്ണൊലിച്ച് പോയതെന്ന് പൊതുമാരത്ത് അധികൃതർ പറഞ്ഞു.

കഴിഞ്ഞ പ്രളയ സമയത്ത് സംരക്ഷണഭിത്തി തകർന്നപ്പോൾ മണൽ ചാക്ക് അടുക്കി താൽക്കാലികമായി വിള്ളൽ തടഞ്ഞിരുന്നു. പിന്നീട് ദേശീയപാത ബൈപ്പാസ് വിഭാഗം കൊല്ലം ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ സ്ഥലം പരിശോധിച്ചിരുന്നു.

മണ്ണ് ചാക്ക് നിറയ്ക്കും

അപ്രോച്ച് റോഡിൽ കുഴി രൂപപ്പെട്ട ഭാഗം മണ്ണ് ചാക്ക് നിറച്ച് താൽക്കാലികമായി ബലപ്പെടുത്തും. മഴയത്ത് ഇവിടെ കോൺക്രീറ്റിംഗ് സാദ്ധ്യമല്ലെന്ന് ദേശീയ പാത അധികൃതർ പറഞ്ഞു. പാലത്തിന്റെ സംരക്ഷണ ഭിത്തി പൊളിച്ച് പണിയാൻ 35 ലക്ഷം രൂപായുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു. ദേശീയ പാത വികസനത്തിന്റെ ഭാഗമായി പാലത്തിന്റെ രണ്ട് തുണും പുതുക്കിപ്പണിയും.

സംരക്ഷണഭിത്തി സുരക്ഷിതമല്ലെന്ന് മന്ത്രി

കൈപ്പട്ടൂർ പാലത്തിന് ബലക്ഷയമില്ലെങ്കിലും സംരക്ഷണഭിത്തി സുരക്ഷിതമല്ലെന്ന് സ്ഥലം സന്ദർശിച്ച മന്ത്രി വീണാ ജോർജ് പറഞ്ഞു. കെ.യു.ജനീഷ് കുമാർ എം.എൽ.എയും ജില്ലാ കളക്ടർ ദിവ്യ എസ്.അയ്യരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ഭാരവാഹനങ്ങൾക്ക് നിരോധനം

പാലത്തിലൂടെ ഭാരവാഹനങ്ങളുടെ യാത്ര നിരോധിച്ചിട്ടുണ്ട്. അടൂരിൽ നിന്ന് വരുന്ന വാഹനങ്ങൾ താഴൂർക്കടവ് വഴിയും പന്തളത്ത് നിന്നുള്ള വാഹനങ്ങൾ തുമ്പമൺ - മഞ്ഞിനിക്കര വഴിയും പത്തനംതിട്ടയ്ക്കും തിരിച്ചും പോകണം. ഇൗ റൂട്ടുകളിൽ പൊതുമരാമത്ത് ദിശാ ബോർഡുകൾ സ്ഥാപിക്കും.

Advertisement
Advertisement