കുട്ടികളിൽ ശാസ്ത്രബോധവും മതനിരപേക്ഷ മൂല്യങ്ങളും വളർത്തണം: മുഖ്യമന്ത്രി

Monday 15 November 2021 1:03 AM IST

തിരുവനന്തപുരം: ശാസ്ത്ര-സാങ്കേതിക വളർച്ചയുടെ കാലത്തും അന്ധവിശ്വാസങ്ങൾ പ്രചരിക്കുമ്പോൾ, കുട്ടികളിൽ മാനവികതയും യുക്തിചിന്തയും ശാസ്ത്രാവബോധവും വളർത്തിയെടുക്കണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ സമിതി ആസ്ഥാനത്ത് സംഘടിപ്പിച്ച ശിശുദിനാഘോഷ ചടങ്ങിൽ ശിശുദിന സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ജാതി,മതം,ലിംഗം,ഭാഷ,ദേശം തുടങ്ങിയ വേർതിരിവുകൾക്കതീതമായി ചിന്തിക്കാനും ജീവിക്കാനും പ്രാപ്തരാക്കണം. കൊവിഡ് കാലത്തു കുട്ടികൾ വലിയ പ്രയാസങ്ങൾ നേരിട്ടു. എന്നാൽ, കേരളത്തിലെ കുടുംബങ്ങളെയും കുട്ടികളെയും സംസ്ഥാന സർക്കാർ സവിശേഷമായി പരിഗണിച്ചു.രാജ്യത്തിനാകെ മാതൃകയാവും വിധം ഓൺലൈൻ വിദ്യാഭ്യാസം സാർവത്രികമായി ലഭ്യമാക്കി. കൊവിഡ് അനാഥരാക്കിയ കുഞ്ഞുങ്ങളുടെ സംരക്ഷണം ഏറ്റെടുക്കുന്ന നടപടിയും സർക്കാർ സ്വീകരിച്ചു. ഇത്തരം സ്‌നേഹപൂർണമായ നടപടികൾ ഇനിയും തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ. ഷിജുഖാനാണ് മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ചത്.

കുട്ടികളുടെ പ്രസിഡന്റ് ഉമ.എസ് അദ്ധ്യക്ഷത വഹിച്ചു. കുട്ടികളുടെ പ്രധാനമന്ത്രി നിധി പി.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സ്പീക്കർ ദേവകി ഡി.എസ് മുഖ്യപ്രഭാഷണം നടത്തി.ധ്വനി ആഷ്മി നന്ദി പ്രസംഗം നടത്തി. വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനായി ശിശുദിനസ്റ്റാമ്പ്-2021 ന്റെ പ്രകാശനം നിർവഹിച്ചു. ഗതാഗതമന്ത്രി ആന്റണി രാജു മുഖ്യപ്രഭാഷണം നടത്തി.മേയർ ആര്യാ രാജേന്ദ്രൻ വിശിഷ്ടാതിഥിയായിരുന്നു.സമിതി ട്രഷറർ ആർ. രാജു, ജില്ലാ സെക്രട്ടറി കെ. ജയപാൽ, കുട്ടികളുടെ പരിശീലകൻ പള്ളിപ്പുറം ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. ശിശുദിന സ്റ്റാമ്പിന്റെ ചിത്രം വരച്ച കൊല്ലം പ്രാക്കുളം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ അക്ഷയ് ബി. പിള്ളയെ അനുമോദിച്ചു. അക്ഷയ്ക്കും സ്‌കൂളിനുമുള്ള ഉപഹാരങ്ങളും കുട്ടികളുടെ നേതാക്കൾക്കുള്ള സമ്മാനങ്ങളും മന്ത്രി ആന്റണി രാജുവിതരണം ചെയ്തു. ശിശുദിനാഘോഷത്തോടനുബന്ധിച്ച് സമിതി സംഘടിപ്പിച്ച സാഹിത്യ രചനാ മത്സരങ്ങൾക്കുള്ള സമ്മാനങ്ങൾ മേയർ വിതരണം ചെയ്തു.

ജില്ലാ ശിശുക്ഷേമ സമിതികളുടെ ആഭിമുഖ്യത്തിൽ ജില്ലാ കേന്ദ്രങ്ങളിലും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പരിപാടി നടന്നു.

Advertisement
Advertisement