നിലവറദീപം പകർന്നു, ചക്കുളത്തുകാവിൽ പൊങ്കാല മഹോത്സവത്തിന് തുടക്കം

Monday 15 November 2021 1:09 AM IST

ചക്കുളത്തുകാവിൽ പൊങ്കാല മഹോത്സവത്തിന് തുടക്കം കുറിച്ച് കൊടിമരച്ചുവട്ടിൽ പ്രത്യേകം തയ്യാറാക്കിയ വിളക്കിലേക്ക് കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അഗ്നി പകരുന്നു

കുട്ടനാട്: നിലവറ ദീപത്തിൽ നിന്ന് അഗ്നി പകർന്ന് പ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല മഹോത്സവത്തിന് തുടക്കമായി. വെള്ളിയാഴ്ചയാണ് പൊങ്കാല. മൂലകുടുംബത്തിലെ നിലവറയിൽ സൂക്ഷിച്ചിട്ടുള്ള കെടാവിളക്കിൽ നിന്ന് ക്ഷേത്ര മുഖ്യകാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരിയും ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയും ചേർന്ന് പകർന്നെടുത്ത ദീപം ക്ഷേത്രത്തിന് മുന്നിലെ കൊടിമരച്ചുവട്ടിൽ പ്രത്യേകം തയ്യാറാക്കിയ വിളക്കിലേക്ക് കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി പകർന്നതോടെയായിരുന്നു ആഘോഷത്തിന് തുടക്കമായത്.

നിലവറദീപം കൊടിമരച്ചുവട്ടിൽ എത്തിക്കുന്നതിന് മുമ്പായി മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ മൂലകുടുംബ ക്ഷേത്രത്തിൽ പ്രദക്ഷിണം വച്ചു. വായ്ക്കുരവകളുടെയും താളമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെയാണ് ക്ഷേത്രനടയിലേക്ക് ദീപം ആനയിച്ചത്. പ്രത്യേകം പൊങ്കാല ഇടുന്നതിനുള്ള സാഹചര്യം അനുവദിക്കാത്തതിനാൽ ക്ഷേത്രത്തിലെ പണ്ടാര പൊങ്കാലയിൽ പേരും നാളും നൽകി ഭക്തജനങ്ങൾക്ക് പങ്കെടുത്ത് പ്രസാദം വാങ്ങാം. ചടങ്ങുകൾക്ക് അഡ്വ. കെ.കെ. ഗോപാലകൃഷ്ണൻ നായർ, ജയസൂര്യ നമ്പൂതിരി, സന്തോഷ് ഗോകുലം, അജിത്ത് പിഷാരത്ത്, സത്യൻ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement
Advertisement