നിശ്ചലമായി പത്തനാപുരം

Monday 15 November 2021 1:40 AM IST

പത്തനാപുരം: തോരാമഴയിലും പ്രളയത്തിലും പത്തനാപുരം നിശ്ചലമായി. കല്ലടയാറും കല്ലുംകടവ്, മാങ്കുളം തോടുകളും കരകവിഞ്ഞതോടെ ടൗണും സമീപ സ്ഥലങ്ങളുമെല്ലാം വെള്ളത്തിലായ അവസ്ഥ. പത്തനംതിട്ട, പുനലൂർ, അടൂർ, കുന്നിക്കോട് ഭാഗങ്ങളിലേക്കുള്ള ഗതാഗതം നിലച്ചു. നിരവധി വീടുകളും വെള്ളത്തിലായി. പിറവന്തൂർ, പട്ടാഴി, വടക്കേക്കര, പത്തനാപുരം തുടങ്ങിയ പഞ്ചായത്തുകളിലായി ആറ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
മൂന്നൂറിലേറെപ്പേരെ ക്യാമ്പുകളിലേക്ക് മാറ്റി. വീടുകളുടെ രണ്ടാം നിലയിൽ കുടുങ്ങിയവരെ കെ.ബി. ഗണേശ് കുമാറും ഫയർഫോഴ്സ് സ്കൂബാ ടീമും ചേർന്ന് രക്ഷപ്പെടുത്തി. മരങ്ങൾ കടപുഴകി വൈദ്യുത പോസ്റ്റുകളും ലൈനുകളും തകർന്നതോടെ മലയോമേഖലയിൽ വൈ ദ്യുതി, ടെലിഫോൺ ബന്ധങ്ങൾ നിിശ്ചലമായി. ഗതാഗതത്തെയും ബാധിച്ചു. പുനലൂർ- മൂവാറ്റുപുഴ പാതയിൽ പിറവന്തൂർ അലിമുക്ക്, പത്തനാപുരം ചെമ്മാൻപാലം, കല്ലുംകടവ് എന്നിവിടങ്ങളിലും അടൂർ - പത്തനാപുരം പാതയിൽ പുതുവലിലും വെള്ളം കയറി. തോടുകളും ചെറു കൈവഴികളും നിറഞ്ഞൊഴുകുകയാണ്. പട്ടാഴി, തലവൂർ, മേലില, ചക്കുവരയ്ക്കൽ, പുന്നല, കമുകുംചേരി, കടശ്ശേരി, കറവൂർ, പാടം, മാങ്കോട് വിളക്കുടി മേഖലകളിൽ ലക്ഷക്കണക്കിന് രൂപയുടെ ക്യഷിനാശം നേരിട്ടു. ഇതിനിടെ പട്ടാഴി, കറവകർ, കശ്ശേരി മേഖലകളിൽ ഉരുൾപൊട്ടൽ ഉണ്ടായെന്ന അഭ്യൂഹം നാട്ടുകാരെ പരിഭ്രാന്തരാക്കി. പനയനം വാർഡിലുണ്ടായ മലവെള്ള പാച്ചിലാണ് ഉരുൾപൊട്ടലെന്ന ഭീതിയുണ്ടാക്കിയത്

കമുകുംചേരിയിൽ പത്തിലധികം വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. വീട്ടുപകരണങ്ങൾ സന്നദ്ധ പ്രവർത്തകർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പഞ്ചായത്തിൽ വലിയക്കാവിലും കറവൂരും ക്യാമ്പുകൾ തുറന്നതായി പഞ്ചായത്ത് പ്രസിഡന്റ് ജയൻ അറിയിച്ചു. പള്ളിക്ക് - മക്കടവ് റോഡിൽ പല ഭാഗത്തും വെള്ളം കയറി ഗതാഗതം തടസപെട്ടു.

Advertisement
Advertisement