കവ്വായി കായലിൽ വീണ്ടും ആവേശക്കാഴ്ചകൾ

Tuesday 16 November 2021 12:07 AM IST
ഇടയിലക്കാട് ബണ്ട് പരിസരത്തെ കയാക്കിംഗ്

ചെറുവത്തൂർ: ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം കവ്വായി കായലിൽ വിനോദസഞ്ചാര മേഖല വീണ്ടും സജീവമായി. കായലിന്റെ സൗന്ദര്യം നുകരുന്നതിനൊപ്പം ഹൗസ് ബോട്ട്, കയാക്കിംഗ്, പെഡൽ ബോട്ട് സൗകര്യങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയാണ് വിനോദസഞ്ചാരികൾ.

വലിയപറമ്പിന്റെ തീരഭംഗി,​ ഇടയിലക്കാട് നാഗവനം തുടങ്ങിയവയും ആഭ്യന്തര വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളാണ്. കോട്ടപ്പുറത്തു നിന്നും സർവ്വീസ് നടത്തുന്ന ഹൗസ് ബോട്ടുകൾ ടൂറിസ്റ്റുകളെയും വഹിച്ചു കൊണ്ട് കായലിൽ സജീവമായിട്ടുണ്ടിപ്പോൾ. ചെറുതും വലുതുമായി മുപ്പതോളം ബോട്ടുകളാണ് ഇത്തരത്തിൽ ദിനംതോറും കോട്ടപ്പുറം മുതൽ ഏഴിമല വരെ സർവീസ് നടത്തുന്നത്.

കായലിൽ ഒരു ഹൗസ് ബോട്ടും സർവ്വീസ് ആരംഭിച്ചിട്ടുണ്ട്. ഇടയിലക്കാട് നാഗവനത്തിലെ വാനരപ്പടയും വലിയ പറമ്പ ബീച്ചും വടക്കോട്ട് മാറിയുള്ള പുലിമുട്ടും അഴിമുഖവും സായാഹ്നസൗന്ദര്യവുമൊക്കെയായി കാഴ്ചകളുടെ ഒരു പാക്കേജ് തന്നെ സന്ദർശകന് ലഭിക്കുന്നുവെന്നതാണ് കവ്വായി കായലിന്റെയും വലിയപറമ്പിന്റെയും ടൂറിസം സാദ്ധ്യത വർദ്ധിപ്പിക്കുന്നത്.

കയാക്കിംഗിന് പ്രിയമേറുന്നു

സമീപകാലത്ത് കായലിൽ തുടങ്ങിയ കയാക്കിംഗ്,​ പെഡൽബോട്ട് എന്നിവ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. സാഹസികതയും വിനോദവും ഒത്തുചേരുന്നു എന്നതാണ് കയാക്കിംഗിനെ ജനപ്രിയമാക്കുന്നത്. രാവിലെയും വൈകീട്ടുമാണ് കയാക്കിംഗിന് കൂടുതലും ആളുകളെത്തുന്നത്. ഒരാൾക്കും രണ്ടാൾക്കും തുഴയാവുന്ന കയാക്കുകളും പെഡൽ ബോട്ടുകളുമാണ് ഇവിടെയുള്ളത്. സേഫ്റ്റി ജാക്കറ്റുകൾ ഉൾപ്പെടെയുള്ള സുരക്ഷാസംവിധാനങ്ങൾ യാത്രക്കാർക്ക് ഒരുക്കിയിട്ടുണ്ട്. ഇത്തരം ടൂറിസം സംരംഭങ്ങൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മികച്ച പിന്തുണയും നൽകുന്നുണ്ട്. തേജസ്വിനിയിൽ തുരുത്തി, ഉടുമ്പുന്തല കുറ്റിച്ചി, തലിച്ചാലം പുഴ എന്നിവിടങ്ങളിലും ഇടയിലക്കാട് ബണ്ട് പരിസരത്തുമാണ് കയാക്കിംഗ് സർവ്വീസ് ആരംഭിച്ചിട്ടുള്ളത്. ഇതിൽ ഇടയിലക്കാട് ബണ്ട് പരിസരത്ത് 4 പെഡൽ ബോട്ടുകളും 4 കയാക്കിംഗ് ബോട്ടുകളുമുണ്ട്.