തുടർച്ചയായ 11-ാം മാസവും കയറ്റുമതിയിൽ മുന്നേറ്റം

Tuesday 16 November 2021 3:08 AM IST

ന്യൂഡൽഹി: വിദേശ വിപണികളിൽ നിന്നുള്ള മികച്ച ഓർഡറുകളുടെ കരുത്തിൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി തുടർച്ചയായ 11-ാം മാസവും വൻ വളർച്ച നേടി. ഒക്‌ടോബറിൽ 43 ശതമാനം വളർച്ചയോടെ 3,565 കോടി ഡോളറിന്റെ വരുമാനം ലഭിച്ചു. 2,489 കോടി ഡോളറായിരുന്നു 2020 ഒക്‌ടോബറിലെ കയറ്റുമതി. തുടർച്ചയായ എട്ടാംമാസമാണ് കയറ്റുമതി വരുമാനം 3,000 കോടി ഡോളറിനുമേൽ തുടരുന്നത്.

എൻജിനിയറിംഗ് ഉത്പന്നങ്ങൾ, പെട്രോളിയം ഉത്പന്നങ്ങൾ, ജെം ആൻഡ് ജുവലറി, കരകൗശല വസ്തുക്കൾ, ലെതർ ഉത്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, സമുദ്രോത്പന്നങ്ങൾ, മാംസം, ഇലക്‌ട്രോണിക്‌സ് ഉത്‌പന്നങ്ങൾ എന്നിവയ്ക്ക് വിദേശത്ത് വൻ ഡിമാൻഡുള്ളതാണ് നേട്ടമാകുന്നത്. കഴിഞ്ഞമാസം ഇറക്കുമതി 62.5 ശതമാനം മുന്നേറി 5,537 കോടി ഡോളറായി. ഇറക്കുമതിയും കയറ്റുമതിയും തമ്മിലെ അന്തരമായ വ്യാപാരക്കമ്മി സെപ്‌തംബറിലെ റെക്കാഡ് 2,259 കോടി ഡോളറിൽ നിന്ന് 1,973 കോടി ഡോളറിലേക്ക് താഴ്‌ന്നത് ആശ്വാസമായി.

$40,000 കോടി

നടപ്പുവർഷം (2021-22) കയറ്റുമതി വരുമാനമായി 40,000 കോടി ഡോളർ നേടുകയാണ് കേന്ദ്രലക്ഷ്യം. ഏപ്രിൽ-ഒക്‌ടോബറിൽ 23,354 കോടി ഡോളറാണ് വരുമാനം. നടപ്പുവർഷത്തെ ലക്ഷ്യത്തിന്റെ 58 ശതമാനമാണിത്.