തീർത്ഥാടക വാഹനങ്ങൾ വഴി തിരിച്ചുവിട്ടു
Tuesday 16 November 2021 12:37 AM IST
പത്തനംതിട്ട: വെള്ളപ്പൊക്കത്തെ തുടർന്ന് ജില്ലയിൽ ഗതാഗതം തടസപ്പെട്ടതിനാൽ ശബരിമല തീർത്ഥാടകരുടെ ഉൾപ്പെടെയുള്ള വാഹനങ്ങൾ വഴി തിരിച്ചുവിട്ടതായി ജില്ലാ പൊലീസ് മേധാവി ആർ.നിശാന്തിനി അറിയിച്ചു. കുമ്പഴ - കോന്നി വഴി വെട്ടൂർ റോഡിൽ മാർഗതടസമുള്ളതിനാൽ പുനലൂർ, പത്തനാപുരം ഭാഗത്തുനിന്ന് വരുന്ന തീർത്ഥാടക വാഹനങ്ങൾ ഉൾപ്പെടെയുള്ളവർ വകയാർ, പൂങ്കാവ്, മല്ലശ്ശേരി മുക്ക്, കുമ്പഴ, പാത ഉപയോഗിക്കണം. തീർത്ഥാടകർക്കു തുടർന്ന് മൈലപ്ര, മണ്ണാറക്കുളഞ്ഞി വഴി ശബരിമലയിലേക്ക് പോകാം.
അടൂർ - പത്തനംതിട്ട നേർപാതയോ കൊടുമൺ വഴിയോ ഉപയോഗിക്കാൻ കഴിയാത്തതിനാൽ അടൂർ, പന്തളം, കുളനട, ഇലവുംതിട്ട, ഓമല്ലൂർ, പത്തനംതിട്ട പാതയും, ഇലവുംതിട്ട, കോഴഞ്ചേരി വഴിയും ഉപയോഗിക്കാം. കൊച്ചാലുംമൂട്, പന്തളം റോഡിൽ തടസമുള്ളതിനാൽ തീർത്ഥാടകർക്ക് കുളനട, മെഴുവേലി, ഇലവുംതിട്ട, കോഴഞ്ചേരി, റാന്നി വഴി പോകാവുന്നതാണ്.