നടിയെ ആക്രമിച്ച കേസ്: മൂന്നാം പ്രതി മണികണ്ഠന് ജാമ്യം

Tuesday 16 November 2021 12:43 AM IST

കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ളീല ദൃശ്യം പകർത്തിയ കേസിലെ മൂന്നാം പ്രതി എറണാകുളം തമ്മനം മണപ്പാട്ടിപ്പറമ്പിൽ വീട്ടിൽ മണികണ്ഠന് (31) ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവുമാണ് മുഖ്യവ്യവസ്ഥ.

നാലര വർഷമായി ജയിലിലാണെന്നും കേസിന്റെ വിചാരണ നീളുന്ന സാഹചര്യത്തിൽ ജാമ്യം നൽകണമെന്നുമാവശ്യപ്പെട്ട് മണികണ്ഠൻ നൽകിയ ഹർജി ജസ്റ്റിസ് സുനിൽ തോമസിന്റെ ബെഞ്ചാണ് അനുവദിച്ചത്.

ജാമ്യക്കാരിലൊരാൾ പ്രതിയുടെ ഉറ്റ ബന്ധുവായിരിക്കണം, പാസ്പോർട്ടുണ്ടെങ്കിൽ കോടതിയിൽ ഹാജരാക്കണം, എറണാകുളം ജില്ല വിട്ടുപോകരുത്, വിചാരണയ്ക്ക് നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാകണം, തെളിവു നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ പാടില്ല എന്നിവയാണ് മറ്റു വ്യവസ്ഥകൾ.

2017 ഫെബ്രുവരി 17 ന് തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് ഷൂട്ടിംഗിനായി വന്ന നടിയെ ഒന്നാം പ്രതി പൾസർ സുനിയുടെ നേതൃത്വത്തിൽ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയെന്നാണ് കേസ്. പൾസർ സുനിയുടെ നേതൃത്വത്തിലുള്ള സംഘം അശ്ളീല ദൃശ്യങ്ങൾ പകർത്തുമ്പോൾ വാഹനം ഓടിച്ചിരുന്നത് മണികണ്ഠനാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഇയാളുടെ ജാമ്യാപേക്ഷ നേരത്തെ പലതവണ വിചാരണക്കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. കേസിൽ ആകെയുള്ള 360 സാക്ഷികളിൽ 180 പേരുടെ വിസ്താരം ഇനിയും നടക്കാനുണ്ടെന്നും ഇതിനു പുറമേ 29 അഡിഷണൽ സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷൻ നൽകിയിട്ടുണ്ടെന്നും വിചാരണക്കോടതി ജഡ്ജി ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. വിചാരണ പൂർത്തിയാക്കാൻ 2022 ഫെബ്രുവരി 16 വരെ സുപ്രീം കോടതി സമയം നീട്ടി നൽകിയിട്ടുണ്ടെന്നും അറിയിച്ചു. 2017 ഫെബ്രുവരി 21 നാണ് മണികണ്ഠൻ അറസ്റ്റിലായത്. അന്നു മുതൽ ജയിലിലാണ്. വസ്തുതകൾ പരിശോധിച്ചാൽ ഹർജിക്കാരന്റെ അപേക്ഷ പരിഗണിക്കേണ്ടതാണെന്നു വ്യക്തമാണെന്നും ഹൈക്കോടതി പറഞ്ഞു.

Advertisement
Advertisement