രാഷ്ട്രീയ കൊലകൾ:കേരളം വീണ്ടും ചോരക്കളമാവുന്നു

Tuesday 16 November 2021 12:11 AM IST

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലയ്ക്ക് പുറമെ രാഷ്ട്രീയ ബന്ധമുള്ള ഏഴ് കൊലക്കേസുകൾ മലബാറിൽ സി.ബി.ഐ അന്വേഷണത്തിൽ. എട്ട് രാഷ്ട്രീയ കൊലപാതകങ്ങളിൽ സി.ബി.ഐ അന്വേഷണ ആവശ്യമുയരുന്നു. എല്ലാ രാഷ്ട്രീയപാർട്ടികളും തള്ളിപ്പറഞ്ഞിട്ടും സംസ്ഥാനത്ത് രാഷ്ട്രീയ കൊലകൾക്ക് അറുതിയില്ല.

കൊലകൾ ആവർത്തിക്കപ്പെടുമ്പോൾ ഇരകൾ മാത്രം മാറുന്നു. ഡമ്മി പ്രതികളെ ഇറക്കുന്നതായിരുന്നു നേരത്തേയുള്ള രീതി. ക്രൈംബ്രാഞ്ച്, സിബിഐ എന്നിവയുടെ ശാസ്ത്രീയ അന്വേഷണത്തിൽ യഥാർത്ഥ പ്രതികൾ അകത്താവുന്നുണ്ട്. . പെരിയ ഇരട്ടക്കൊലയ്ക്ക് പുറമെ ആർ.എസ്.എസ് കണ്ണൂർ ജില്ലാ ശാരീരിക് ശിക്ഷാപ്രമുഖ് കതിരൂർ മനോജ്, ബി.എം.എസ് നേതാവ് പയ്യോളി മനോജ്, തലശേരിയിലെ എൻ.ഡി.എഫ് നേതാവ് ഫസൽ, തലശേരിയിലെ സവിതാ ജ്വല്ലറിയുടമ ദിനേശൻ, പയ്യന്നൂരിലെ ഹക്കിം കൊലക്കേസുകളാണ് സി.ബി.ഐ അന്വേഷിക്കുന്നത്.

പയ്യോളി മനോജ് വധക്കേസിൽ 9 സി.പി.എം പ്രവർത്തകരെ സി.ബി.ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. തലശേരിയിലെ എൻ.ഡി.എഫ് നേതാവ് ഫസൽ വധക്കേസിൽ സി.പി.എം നേതാക്കളായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും സി.ബി.ഐ അറസ്റ്റു ചെയ്തു. കതിരൂർ മനോജ് വധക്കേസിൽ പി.ജയരാജനടക്കമുള്ള നേതാക്കൾക്കെതിരേ സി.ബി.ഐ കുറ്റപത്രം നൽകി. ‌പൊലീസ് അന്വേഷിച്ച് വിചാരണ ഘട്ടത്തിലെത്തി നിൽക്കെയാണ്, ഹൈക്കോടതി അരിയിൽ ഷുക്കൂർ വധക്കേസ് സി.ബി.ഐയ്ക്ക് വിട്ടത്. യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ അരും കൊല നടന്ന് 25-ാംദിനത്തിലാണ് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തത്.

കണക്കുകൾ ഇങ്ങനെ

 അര നൂറ്റാണ്ടിനിടെ കണ്ണൂരിലുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങൾ- 225

 കണ്ണൂർ പൊലീസിന്റെ വിവരാവകാശ രേഖ പ്രകാരം 1984 മുതൽ 2018 മേയ് വരെ -125 രാഷ്ട്രീയ കൊലകൾ

കൊല്ലപ്പെട്ടവരുടെ രാഷ്ട്രീയ ചായ്‌വ്

 ബിജെപി-53

 സിപിഎം-46

 കോൺഗ്രസ്-19

 മുസ്ലിം ലീഗ്-7