കോടതിയലക്ഷ്യം: ഉദ്യോഗസ്ഥർ കേസ് നടത്തണമെന്ന് ഹൈക്കോടതി, സർക്കാർ അഭിഭാഷകർ ഹാജരാകരുത്
കൊച്ചി: ഹൈക്കോടതിയുടെയും ട്രൈബ്യൂണലുകളുടെയും കോടതിയലക്ഷ്യ ഹർജികളിൽ ആരോപണ വിധേയരായ സർക്കാർ ഉദ്യോഗസ്ഥർ സ്വന്തം നിലയ്‌ക്ക് അഭിഭാഷകരെ നിയോഗിക്കണമെന്ന് ഹൈക്കോടതി. കേസിന്റെ ഒരു ഘട്ടം കഴിഞ്ഞ് സർക്കാർ അഭിഭാഷകർ ഹാജരാകരുത്. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ കോടതിയലക്ഷ്യ നടപടികൾക്കെതിരെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്, ജസ്റ്റിസ് വിജു എബ്രഹാം എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.
ഉത്തരവുകൾ നടപ്പാക്കാത്തവരെ സംരക്ഷിക്കാൻ സർക്കാർ ഉദ്യോഗസ്ഥർ ഹാജരാകുമ്പോൾ നികുതിദായകരുടെ പണമാണ് ചെലവാകുന്നത്. ഇത്തരക്കാർക്ക് സർക്കാർ ചെലവിൽ വാദം നടത്താൻ അവസരം നൽകേണ്ടതില്ല. പോളിടെക്നിക്കിൽ അദ്ധ്യാപകനായിരുന്ന പെരുമ്പാവൂർ സ്വദേശി വി.എം. രാജശേഖരന് അർഹമായ സ്ഥാനക്കയറ്റത്തിന് അനുസരിച്ചുള്ള ശമ്പളവർദ്ധനയും പെൻഷൻ ആനുകൂല്യങ്ങളും നൽകണമെന്ന ഉത്തരവു നടപ്പാക്കിയില്ലെന്നാരോപിച്ചാണ് കെ.എ.ടി കോടതിയലക്ഷ്യ നടപടി തുടങ്ങിയത്. ഇതിനെതിരെ ഉന്നത വിദ്യാഭ്യാസ വകുപ്പു സെക്രട്ടറിയായിരുന്ന ഉഷ ടൈറ്റസാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇവർ വിരമിച്ചതിനാൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡി. ചീഫ് സെക്രട്ടറി ഡോ. വേണുവിനെതിരെയാണ് ഹർജി നിലവിലുള്ളത്. സർക്കാർ അഭിഭാഷകന്റെ അഭ്യർത്ഥനയിൽ വിധി നടപ്പാക്കാൻ പത്തു ദിവസം കൂടി സമയം നൽകിയ ഡിവിഷൻ ബെഞ്ച് ഹർജി 24 ലേക്ക് മാറ്റി.