പാറക്കടവ് പാലത്തിന് ഭീഷണിയായി മുളംകാട്

Tuesday 16 November 2021 12:25 AM IST

പ്രമാടം : പാറക്കടവ് പാലത്തിൽ മുളംകാട് തങ്ങി നിൽക്കുന്നത് അപകട ഭീഷണി ഉയർത്തുന്നു. കഴിഞ്ഞ ദിവസം ഒഴുകി എത്തിയ മുളംകാടാണ് പാലത്തിന്റെ തൂണുകൾക്കിടെ കുടുങ്ങിയത്. ഇതുമൂലം വെള്ളത്തിന്റെ ഒഴുക്കിന്റെ ഗതി മാറിയിട്ടുണ്ട്. മുളംകാടിൽ വള്ളിപ്പടർപ്പുകളും ചെറിയ മരങ്ങളും കുടങ്ങുന്നതിനാൽ പാലത്തിന് ബലക്ഷയമുണ്ടാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. പ്രമാടം ഗ്രാമപഞ്ചായത്തിനെ പത്തനംതിട്ടയുമായി ബന്ധിപ്പിക്കുന്നത് പാറക്കടവ് പാലമാണ്.

ഇന്നലെ പകൽ മഴയ്ക്ക് അല്പം ശമനമുണ്ടായതോടെ വീടുകളിൽ കയറിയ വെള്ളം ഭാഗിമായി ഇറങ്ങിയെങ്കിലും വൈകിട്ട് മഴ പെയ്യുന്നത് ആശങ്കയാകുന്നുണ്ട്. പ്രമാടം വഴി പത്തനംതിട്ടയിലേക്കുള്ള ഗതാഗതം പൂർണ്ണമായും പുന:സ്ഥാപിച്ചിട്ടില്ല. പ്രദേശത്തെ നൂറോളം വീടുകൾ ഇപ്പോഴും വെള്ളത്തിലാണ്. പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂൾ, വലഞ്ചുഴി എൻ.എസ്. എസ് കരയോഗ മന്ദിരം, ളാക്കൂർ ഗവ.യു.പി സ്കൂൾ, ഇളകൊള്ളൂർ ഹൈസ്കൂൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ക്യാമ്പുകളും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളും സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.

Advertisement
Advertisement