കനൽ ഷീ തീയേറ്റേഴ്‌സ് വീണ്ടും അരങ്ങിലേക്ക്

Tuesday 16 November 2021 12:29 AM IST
കനൽ ഷീ തിയേറ്റേഴ്‌സിന്റെ റിഹേഴ്സൽ ക്യാമ്പിൽ നിന്ന്

രാമനാട്ടുകര: വാഴയൂർ ഗ്രാമപഞ്ചായത്തിലെ വനിതാ നാടകപ്രവർത്തകർ രൂപം നൽകിയ കനൽ ഷീ തീയേറ്റേഴ്‌സിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നു. 'ജോഗിനി ഒരു തുടർക്കഥ' എന്ന സ്റ്റേജ് നാടകവുമായി വീണ്ടും അരങ്ങിലേക്ക് എത്തുകയാണ് ഈ കൂട്ടായ്മ.

സ്ത്രീസൗഹൃദ ഗ്രാമപഞ്ചായത്താക്കുന്നതിന്റെ ഭാഗമായി വാഴയൂർ പഞ്ചായത്ത് തയ്യാറാക്കിയ 'കൂട്ടുകാരി' പദ്ധതിയുടെ ഭാഗമായി പിറവിയെടുത്ത വനിതാ നാടകക്കൂട്ടായ്മയാണ് ' കനൽ ഷീ തിയേറ്റേഴ്‌സ്'. നാടകരംഗത്ത് താത്പര്യമുള്ള പഞ്ചായത്തിലെ പരിധിയിലെ സ്ത്രീകളെ കണ്ടെത്തുന്നതിന് കുടുംബശ്രീയെ ഉപയോഗപ്പെടുത്തുകയായിരുന്നു. തുടർന്ന് നാടക പരിശീലക്യാമ്പ് സംഘടിപ്പിച്ചു. പിന്നീടാണ് 'കനൽ" ഷീ തിയേറ്റേഴ്‌സിന് ' രൂപം കൊടുത്തത്.

കൊവിഡ് വ്യാപനത്തോടെയാണ് നാടക ക്യാമ്പിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടത്. നിയന്ത്രണങ്ങളിൽ മാറ്റം വന്നതോടെ നാടകക്കളരി വീണ്ടും സജീവമായിക്കഴിഞ്ഞു. ദേവദാസി സമ്പ്രദായത്തിന്റെ തുടർച്ചയെന്നോണം മാറിയ കാലത്ത് പുതിയ ചൂഷണങ്ങൾക്ക് ഇരയാവുന്ന സ്ത്രീസമൂഹത്തിന്റെ അവസ്ഥാന്തരങ്ങളാണ് 'ജോഗിനി ഒരു തുടർക്കഥ' നാടകം തുറന്നുകാട്ടുന്നത്. ജിമേഷ് കൃഷ്ണനും ടി.പി. പ്രമീളയും ചേർന്ന് രചിച്ച ഈ നാടകത്തിന്റെ സംവിധായകൻ മോഹൻ കാരാടാണ്. വൈഷ്ണവി ദർപ്പണ നൃത്തസംവിധായകൻ.

അരങ്ങിലും അണിയറയിലുമായി വാഴയൂർ ഗ്രാമത്തിലെ ഒട്ടേറെ കലാകാരന്മാരാണ് ഈ നാടകത്തിന്റെ ഭാഗമാവുന്നത്. വാഴയൂരിലെ നാടക കലാകാരൻമാരുടെ കൂട്ടായ്മയായ നാട്ടുറവയും ഈ നാടകവുമായി സഹകരിക്കുന്നുണ്ട്.

ഡിസംബർ അവസാനം പുതിയ നാടകം അരങ്ങിലെത്തും. ബോധവത്കരണമെന്ന നിലയിൽ സംസ്ഥാനത്തുടനീളം അവതരിപ്പിക്കാനാണ് കനൽ ഷീ തീയേറ്റേഴ്‌സ് ലക്ഷ്യമിടുന്നത്.