അടച്ച പഞ്ചായത്ത് ഓഫീസ് രാത്രി തുറന്നതിനെചൊല്ലി വിവാദം

Tuesday 16 November 2021 12:34 AM IST

കോഴിക്കോട്: പെരുവയൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായ മുസ്‌ലിം ലീഗ് അംഗം പി.കെ.ഷറഫുദ്ദീൻ രാത്രി ഓഫീസിൽ എത്തിയതിനെ ചൊല്ലി വിവാദം. ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. അസമയത്ത് പഞ്ചായത്ത് ഓഫീസിൽ വെളിച്ചം കണ്ട് എത്തിയ ഡി.വൈ.എഫ്‌.ഐ പ്രവർത്തകർ ഷറഫുദ്ദീനെ ചോദ്യം ചെയ്യാൻ തുടങ്ങിയത് സംഘർഷത്തിലേക്ക് നീങ്ങിയെങ്കിലും മെഡിക്കൽകോളജ് സിഐ ബെന്നി ലാലുവിന്റെ നേതൃത്വത്തിലെത്തിയ സംഘം അന്തരീക്ഷം ശാന്തമാക്കുകയായിരുന്നു.

രാത്രി ആളില്ലാത്ത സമയത്ത് പഞ്ചായത്ത് ഓഫീസിലെത്തി ഫയലുകളിൽ തിരിമറി നടത്താനുള്ള ശ്രമമാണ് നടന്നതെന്ന് ഡി.വൈ.എഫ്‌.ഐ നേതാക്കൾ ആരോപിച്ചു. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് ഡയറക്ടർ തുടങ്ങിയവർക്ക് പരാതി നൽകിയിട്ടുണ്ട്. 17ന് സിപിഎം നേതൃത്വത്തിൽ രാവിലെ 10ന് പഞ്ചായത്ത് ഓഫീസിലേക്ക് ഡി.വൈ.എഫ്‌.ഐ മാർച്ചും പ്രഖ്യാപിച്ചിരിക്കുകയാണ്.

വർഷങ്ങളായി സി.പി.എം ഭരിച്ചുവന്ന പെരുവയൽ പഞ്ചായത്ത് കഴിഞ്ഞ മൂന്നു തവണയായി യു.ഡി.എഫ് നിയന്ത്രണത്തിലാണ്. മൂന്നു തവണയും ലീഗിനാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം.

രാത്രി പഞ്ചായത്ത് ഓഫീസിൽ പിറകുഭാഗത്ത് ലൈറ്റ് കണ്ട് എത്തിയപ്പോൾ മുൻഭാഗത്തെ ഷട്ടർ പാതി ഉയർത്തിയ നിലയിലായിരുന്നുവെന്ന് ഡി.വൈ.എഫ്‌.ഐ പെരുവയൽ മേഖലാ സെക്രട്ടറി സുജിത്ത് പറഞ്ഞു. അകത്തെ മുറിയിൽ ലൈറ്റ് ഓഫാക്കിയാണ് ഷറഫുദ്ദീൻ ഇരുന്നിരുന്നത്. അദ്ദേഹത്തിന്റെ മുന്നിൽ പഞ്ചായത്തിലെ പല ഫയലുകളുമുണ്ടായിരുന്നു. രാത്രിയിൽ പഞ്ചായത്ത് ഓഫീസിൽ എന്താണ് കാര്യം എന്ന് ചോദിച്ചതോടെ അദ്ദേഹം തട്ടിക്കയറി. തുടർന്നാണ് മെഡിക്കൽകോളജ് പൊലീസിനെ വിളിച്ചതെന്നും സുജിത്ത് പറഞ്ഞു.

അതേസമയം, മെമ്പർമാർ സെക്രട്ടറിയുടെ അനുമതിയോടെ രാത്രി ഓഫീസിൽ എത്താറുണ്ടെന്നും ഞായറാഴ്ച രാത്രി എത്തിയത് സർക്കാരിന്റെ അതിദാരിദ്ര്യ സർവേയിലേക്ക് ഗുണഭോക്താക്കളുടെ ലിസ്റ്റ് തയ്യാറാക്കുന്നതിനായിരുന്നുവെന്നുമായിരുന്നു ഷറഫുദ്ദീന്റെ പ്രതികരണം. ഇടതുപക്ഷത്തിന് പഞ്ചായത്തിൽ സ്വാധീനം നഷ്ടപ്പെട്ടതോടെ വികസനപ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനുള്ള ഗൂഢാലോചനയിലാണ് അവരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഞായറാഴ്ച രാത്രി ഭരണസമിതി അംഗം ഓഫീസിലെത്തിയത് തന്റെ അറിവോടെ അല്ലെന്നും ആർക്കും അതിനുള്ള അനുവാദം നൽകിയിട്ടില്ലെന്നും പഞ്ചായത്ത് സെക്രട്ടറി എം.ബിജു പറഞ്ഞു. പ്രസിഡന്റിന്റെ റൂമിൽ നിന്നു ഓഫീസിലേക്ക് കടക്കാനുള്ള വഴി ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ അത് അടയ്ക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു. സെക്രട്ടറിയുടെ പരാതി ലഭിച്ചാൽ കേസെടുക്കുമെന്ന് മെഡിക്കൽകോളജ് സി.ഐ ബെന്നി ലാലു പറഞ്ഞു.

Advertisement
Advertisement