നാലു വയസുകാരി കിണറ്റിൽ മരിച്ച നിലയിൽ

Monday 15 November 2021 11:53 PM IST

തിരുവനന്തപുരം: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാലുവയസുകാരി സമീപത്തെ പുരയിടത്തിലെ ആൾമറയില്ലാത്ത കിണറ്റിൽ മരിച്ചനിലയിൽ. വെഞ്ഞാറമൂട്, വെമ്പായം, കമുകുംകുഴി തടത്തരികത്ത് വീട്ടിൽ പ്രിയങ്കയുടെ ഏക മകൾ

കൃഷ്ണപ്രിയയാണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ ജീവനക്കാരിയായ

പ്രിയങ്ക ജോലി കഴിഞ്ഞെത്തിയ ശേഷം അടുക്കള ജോലിചെയ്യുമ്പോൾ കുട്ടി മുറ്റത്ത് കളിക്കുകയായിരുന്നു. അതിനിടയിലാണ് കുട്ടിയെ കാണാതായത്. കുട്ടിയെ വീട്ടിലും പരിസരത്തും അയൽക്കാരുടെ സഹായത്തോടെ തെരച്ചിൽ നടത്തി. അതിനിടെ ചെരുപ്പ് കിണറ്റിൽ പൊന്തിക്കിടക്കുന്നത് കണ്ട് സംശയം തോന്നിയ അയൽവാസിയായ യുവാവാണ് കിണറ്രിലിറങ്ങി കുട്ടിയെ പുറത്തെടുത്തത്. തുടർച്ചയായ മഴയിൽ കിണർ നിറഞ്ഞിരുന്നു.

ഉടൻ കന്യാകുളങ്ങര ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പ്രിയങ്കയും മാതാവും മാത്രമാണ് വീട്ടിലുള്ളത്. ഭർത്താവ് പ്രിയങ്കയും മകളെയും

ഏറെ നാൾ മുമ്പ് ഉപേക്ഷിച്ച് പോയിരുന്നു. വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു.