യു.ഡി.എഫ് സമര പ്രഖ്യാപനം ഇന്ന്

Tuesday 16 November 2021 12:02 AM IST

കോഴിക്കോട്: യു.ഡി.എഫ് ജില്ലാ സമ്മേളനം ഇന്ന് വൈകിട്ട് മൂന്നിന് ടാഗോർ സെന്റിനറി ഹാളിൽ നടക്കും. പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഉദ്ഘാടനം നിർവഹിക്കും.

കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ പോരാട്ടം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ സമ്മേളനം. സമരപ്രഖ്യാപനം സമ്മേളനത്തിലുണ്ടാവുമെന്ന് ജില്ലാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.1500 പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.

ഇന്ധനമേഖലയിലെ കേന്ദ്ര -സംസ്ഥാന സർക്കാറുകരുടെ അമിതനികുതി പിൻവലിക്കുക, സംസ്ഥാനത്തെ കടക്കെണിയിലാക്കുന്ന കെ റെയിൽ പദ്ധതി ഉപേക്ഷിക്കുക, മാവൂർ ഗ്രാസിം ഭൂമി സർക്കാർ ഏറ്റെടുത്ത് വ്യവസായം ആരംഭിക്കുക, മഹിളാമാൾ അടച്ച് പൂട്ടലിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം സംഘടിപ്പിക്കുക.

വാർത്താസമ്മേളനത്തിൽ ജില്ലാ ചെയർമാൻ കെ.ബാലനാരായണൻ, കൺവീനർ എം.എ റസാഖ്, ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺകുമാർ, മുസ്ളിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല, സി.എം.പി സംസ്ഥാന നിർവാഹക സമിതി അംഗം ജി.നാരായണൻകുട്ടി മാസ്റ്റർ എന്നിവർ സംബന്ധിച്ചു.