ശബരിമലയിൽ ഹലാൽ ശർക്കര ഉപയോഗിച്ചത് വിവാദമായി

Wednesday 17 November 2021 12:00 AM IST

പത്തനംതിട്ട: ശബരിമലയിൽ അരവണ, അപ്പം നിർമ്മാണത്തിന് ഹലാൽ ശർക്കര ഉപയോഗിച്ചത് വിവാദമായി. പുളിപ്പ് ബാധിച്ച് ഉപയോഗശൂന്യമായ ശർക്കര ശബരിമലയിലെ ഗോഡൗണിൽ നിന്ന് തിരിച്ചെടുത്തപ്പോഴാണ് ചാക്കിൽ ഹലാലെന്ന് ഇംഗ്ളീഷിൽ എഴുതിയിരിക്കുന്നത് കണ്ടത്. കഴിഞ്ഞ ദേവസ്വം ഭരണസമിതിയാണ് ശർക്കരപ്പൊടിക്ക് കരാർ നൽകിയത്. അതിന്റെ കാലാവധി തീരുകയും ചെയ്തു.

ഹലാൽ ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം ചർച്ചയായിരിക്കുന്ന സാഹചര്യത്തിൽ, ശബരിമലയിൽ ഹലാൽ ശർക്കര ഉപയോഗിച്ചതിനെതിരെ ഹിന്ദുഐക്യവേദി രംഗത്തുവന്നു.

ഹലാൽ ഉത്പന്നങ്ങൾ ഉപയോഗിച്ച് പ്രസാദം നിർമ്മിക്കുന്നത് ഭക്തരോടും ദേവനോടുമുള്ള വെല്ലുവിളിയാണെന്ന് അദ്ധ്യക്ഷ കെ.പി.ശശികല പറഞ്ഞു. ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് വിശദീകരണം നൽകണം. ഗുരുതരമായ ഈ കുറ്റകൃത്യം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ആ ശർക്കര അവിടെ ഉപയോഗിക്കുകയോ നേദിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള പ്രായശ്ചിത്തം ചെയ്യണമെന്നും ശശികല ഫേസ്ബുക്കിൽ കുറിച്ചു .

ആരോപണം നിഷേധിച്ച് ദേവസ്വം ബോർഡ്

അതേസമയം, ഹലാൽ എന്നു പേരുള്ള ശർക്കര ഇപ്പോൾ ഉപയോഗിക്കുന്നില്ലെന്ന് ദേവസ്വം ബോർഡിലെ ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. മഹാരാഷ്‌ട്രയിലെ വർധമാൻ ഗ്രൂപ്പാണ് ശർക്കരപ്പൊടി ഇറക്കിയത്. അവരുടെ കാലാവധി കഴിഞ്ഞു. ഇപ്പോൾ എസ്.പി ഷുഗർ എന്ന കമ്പനിയാണ് ശർക്കരപ്പൊടി ഇറക്കുന്നത്. അതിൽ ഏതെങ്കിലും കമ്പനിയുടെ പേരില്ല. ഒാരോ ശബരിമല തീർത്ഥാടനം തുടങ്ങുമ്പോഴും അട്ടിമറി ശ്രമവുമായി ചിലർ രംഗത്തുവരും. അതിന്റെ ഭാഗമാണ് ഇപ്പോഴത്തെ വിവാദം. നേരത്തെ അരവണയിൽ എലിവാല് കണ്ടെന്നായിരുന്നു പ്രചാരണം. ഗൂഢാലോചന നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു.

Advertisement
Advertisement