സ്പീക്കർമാരുടെ കോൺഫറൻസ് സിംലയിൽ
Wednesday 17 November 2021 12:00 AM IST
തിരുവനന്തപുരം: ഹിമാചൽ പ്രദേശിന്റെ തലസ്ഥാനമായ സിംലയിൽ ഇന്നും നാളെയുമായി നടക്കുന്ന ഇന്ത്യൻ പാർലമെന്റിലെയും സംസ്ഥാനങ്ങളിലെയും സ്പീക്കർമാരുടെ എൺപത്തിരണ്ടാമത് കോൺഫറൻസിൽ പങ്കെടുക്കുന്നതിന് കേരള നിയമസഭാ സ്പീക്കർ എം. ബി. രാജേഷ് യാത്രതിരിച്ചു. സഭാദ്ധ്യക്ഷന്മാർ നേരിടുന്ന വെല്ലുവിളികളെ സംബന്ധിച്ച് വിശദമായ ചർച്ചകൾ സമ്മേളനത്തിൽ നടക്കും.
കോൺഫറൻസിനോടനുബന്ധിച്ച് പാർലമെന്റ് സെക്രട്ടറി ജനറൽ, നിയമസഭാ സെക്രട്ടറിമാർ എന്നിവരുടെ യോഗം ഇന്നലെ നടന്നു. നിയമനിർമ്മാണ സഭകളുടെ പ്രവർത്തനത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് വിശദമായ ചർച്ച നടന്ന യോഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് കേരള നിയമസഭ സ്‌പെഷ്യൽ സെക്രട്ടറി ആർ. കിഷോർ കുമാർ, ജോയിന്റ് സെക്രട്ടറി ഡി. ഡി. ഗോഡ് ഫ്രീ എന്നിവർ പങ്കെടുത്തു.