കൊട്ടാരക്കരക്കരയിലും പുത്തൂരിലും 2 പേർ മുങ്ങിമരിച്ചു

Tuesday 16 November 2021 11:05 PM IST

കൊല്ലം: പെരുമഴയ്ക്കും ദുരിതങ്ങൾക്കുമിടയിൽ കൊട്ടാരക്കരയും പുത്തൂരുമായി രണ്ടുപേരെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുത്തൂർ ചെറുപൊയ്കയിലെ വെള്ളക്കെട്ടിൽ വീണ് ചെറുപൊയ്ക കുഴിവിള വീട്ടിൽ ബേബിയും (56) കൊട്ടാരക്കര പുലമൺ തോട്ടിൽ നെടുമങ്ങാട് വെള്ളനാട് സ്വദേശിയായ സി.സുനിൽരാജുമാണ്(35) മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ വള്ളവും വലയുമായി ആറ്റിൽ മത്സ്യബന്ധനത്തിനുപോയതാണ് ബേബി. നേരം വെളുത്തിട്ടും തിരികെ എത്താത്തതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ കരയിൽ നിന്ന് മുന്നൂറ് മീറ്റർ അകലെയായി വള്ളവും വലയും കണ്ടെത്തി. തുടർന്ന് പുത്തൂർ പൊലീസിൽ പരാതി നൽകി. തുടർന്ന് ഫയർഫോഴ്സ്, സ്കൂബാ ടീം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പതിനൊന്ന് കെ.വി വൈദ്യുതി ലൈൻ കടന്നുപോകുന്ന ഭാഗത്താണ് വള്ളവും വലയും കണ്ടെത്തിയത്. അതുകൊണ്ടുതന്നെ വൈദ്യുതാഘാതം ഏറ്റതാകുമെന്ന് കരുതുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ലത. മക്കൾ: ലീബ, ലിബ. മരുമക്കൾ: ബിജുലാൽ, അനി.

കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജിന് പിൻഭാഗത്തെ സുരഭി നഗർ ഭാഗത്താണ് സുനിൽരാജിന്റെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച പകലും രാത്രിയുമൊക്കെ ഈ ഭാഗങ്ങളിൽ കറങ്ങി നടന്ന സുനിൽരാജ് വീടുകളിലെത്തി ശല്യപ്പെടുത്തിയിരുന്നു. ഇന്നലെ രാവിലെ നഗരസഭ കൗൺസിലറും സംഘവും സ്ഥലത്തെത്തി ഇദ്ദേഹത്തോട് വിവരങ്ങൾ ആരാഞ്ഞു. ഇതിനിടയിൽ പുലമൺ തോട്ടിലേക്ക് സുനിൽരാജ് നടന്നിറങ്ങുകയും ഒഴുക്കിൽപ്പെടുകയുമായിരുന്നു. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വിജയിച്ചില്ല. ഏറെനേരത്തിന് ശേഷമാണ് അധികദൂരത്തല്ലാതെ മൃതദേഹം കണ്ടെത്തിയത്. കൊട്ടാരക്കര പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

കുടുംബവുമായി അകന്നുകഴിയുകയായിരുന്നു സുനിൽരാജ്.