പേമാരിയുടെ മൂന്ന് ദിവസം: 20.91 കോടിയുടെ കൃഷിനാശം

Wednesday 17 November 2021 12:07 AM IST

പത്തനംതിട്ട : കഴിഞ്ഞ മൂന്നു ദിവസം തുടർച്ചയായുണ്ടായ പേമാരിയിൽ ജില്ലയിൽ 20.91കോടിയുടെ കൃഷിനാശം. അടൂർ താലൂക്കിൽ മാത്രം 16.22 കോടിയുടെ നഷ്ടങ്ങളുണ്ടായെന്നാണ് പ്രാഥമിക നിഗമനം. കൊടുമൺ, ഏനാദിമംഗലം, അടൂർ, പള്ളിക്കൽ, കടമ്പനാട് മേഖലകളിലാണ് വ്യാപക നാശം. ഒരു തവണ വിതച്ച ശേഷം കഴിഞ്ഞ മാസത്തെ മഴയിൽ മുങ്ങിയ പാടങ്ങളിൽ അടുത്തിടെ വീണ്ടും വിതച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ പേമാരിയിൽ അതും മുങ്ങി നശിച്ചു. കാലം തെറ്റിയ മഴ നെൽകർഷകരുടെ പ്രതീക്ഷകൾ തകർക്കുകയാണ്. നഷ്ടപരിഹാരം കാലതാമസമില്ലാതെ ലഭിച്ചാൽ മാത്രമേ കർഷകരെ ഇൗ രംഗത്ത് പിടിച്ചുനിറുത്താനാകൂ. വൈകാതെ നഷ്ടപരിഹാരം നൽകാൻ കഴിയുമെന്നാണ് കൃഷി വകുപ്പ് അധികൃതർ പറയുന്നത്.

കോന്നി താലൂക്കിലെ വള്ളിക്കോട് പഞ്ചായത്തിലും കനത്ത നഷ്ടങ്ങളുണ്ടായി. കോഴഞ്ചേരിയിൽ 1.69 കോടിയുടെയും കോന്നിയിൽ 1.15 കോടിയുടെയും കൃഷിനാശമുണ്ടായി.

ടാപ്പ് ചെയ്യുന്ന 223 റബർ മരങ്ങളും 445 തൈകളും നശിച്ചു. 1129 ഹെക്ടറിലെ നെൽകൃഷിക്കും നാശം നേരിട്ടു. കുലച്ച 24720 ഏത്തവാഴകൾ നിലം പൊത്തി. കുലക്കാത്ത 25707 ഏത്തവാഴകളും നശിച്ചു. 330 തെങ്ങുകൾ കടപുഴകി. 2.72 ഹെക്ടറിലെ പച്ചക്കറി കൃഷി വെള്ളം കയറി നശിച്ചു.

കൃഷി നശിച്ച കർഷകർ സംസ്ഥാന സർക്കാരിന്റെ എ.എെ.എം.എസ് എന്ന വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. വിളനാശം 10 ദിവസത്തിനകവും ഇൻഷ്വറൻസ് ചെയ്തവർ 15 ദിവസത്തിനകവും അപേക്ഷ നൽകണം.

ലൂയീസ് മാത്യു, കൃഷി,ഡെപ്യൂട്ടി ഡയറക്ടർ പത്തനംതിട്ട.